Tuesday, May 14, 2024
indiaNews

ജാലിയന്‍ വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

ജാലിയന്‍വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ ധീരത ഓരോ പൗരനും ശക്തിയും ധൈര്യവും പകരുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ 379പേരാണ് ആ കുരുതിയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ സംഭവത്തില്‍ ആയിരത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പറയുന്നത്. ആയിരത്തിലേറെ പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

സ്ഥലത്ത് കര്‍ഫ്യു പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ പോലും കഴിയാതെ പൊരിവെയിലത്ത് രക്തം വാര്‍ന്നാണ് ഇതിലധികം പേരും മരണപ്പെട്ടത്. ജാലിയന്‍വാലാബാഗിന്റെ ശതാബ്ദിയില്‍ കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് എംപിമാരുടെ ആവശ്യപ്രകാരമായിരുന്നു 2019ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന തെരേസ മേയുടെ ഖേദപ്രകടനം.