Saturday, May 4, 2024
keralaNews

കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ തോക്കുകളുമായി ബബിത.

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ 2 വിദേശനിര്‍മിത തോക്കുകളുമായി കാത്തിരിക്കുകയാണു ബബിത. ജില്ലയില്‍ ഇതിനു ലൈസന്‍സ് ലഭിച്ച ആദ്യ വനിതയാണ് നത്തംകുനി പുറ്റാട് കാഞ്ഞിരത്തിങ്കല്‍ ബെന്നിയുടെ ഭാര്യ ബബിത. മറ്റു ജില്ലകളിലും ഇതുവരെ വനിതകള്‍ക്കു ലൈസന്‍സ് കിട്ടിയതായി വിവരമില്ല.സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ പരിധിയില്‍ ബബിതയ്ക്കു പുറമേ പൊഴുതന അച്ചൂരാനം ശാന്തവിലാസില്‍ എ. ദിനേശന്‍, വേലിയമ്പം കുറിച്ചിപ്പറ്റ സി.എന്‍. വെങ്കിടദാസ്, കൊളഗപ്പാറ സ്വദേശി വിക്ടര്‍ ബര്‍നാര്‍ഡ് ഡേ എന്നിവര്‍ക്കും ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. കൃഷിനാശം വരുത്തുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ മലയോര കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്.വെടിവയ്ക്കാന്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസുകളിലേക്ക് എത്തിയതോടെയാണു നടപടികള്‍ക്കു വേഗമായത്. 3 മാസം മുന്‍പാണു ബബിത ലൈസന്‍സിന് അപേക്ഷിച്ചത്. കര്‍ഷകനായ ബെന്നിയാണു ബബിതയ്ക്കു പരിശീലനം നല്‍കിയത്.