Friday, May 10, 2024
keralaNews

കനത്തമഴ: 30 കോടിയിലധികം രൂപയുടെ പ്രാഥമിക നഷ്ടമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കനത്തമഴയില്‍ സംസ്ഥാനത്ത് ഹെക്ടര്‍ കണക്കിന് കൃഷി സ്ഥലമാണ് നശിച്ചത്.കോടിക്കണക്കിന് രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.                                                                                          പെരുമഴയില്‍ 1476 ഹെക്ടറിലെ കൃഷിനശിച്ചു 30 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്തമഴയാണ് വ്യാപക കൃഷിനാശത്തിന് കാരണം. കോട്ടയത്തും തൃശൂരിലുമാണ് ഏറ്റവും കൂടുല്‍ കൃഷി നശിച്ചത്. തൃശൂരില്‍ 553 ഹെക്ടര്‍ കൃഷി നശിച്ചു. 2965 കര്‍ഷകര്‍ക്കാണ് മഴ ദുരിതം വിതച്ചത്. ഇവിടെ 9.56 കോടി രൂപയുടെ നഷ്ടമുണ്ടായി.കോട്ടയത്ത് 510 ഹെക്ടര്‍ കൃഷി നശിച്ചു. 1018 കര്‍ഷകര്‍ക്കായി 7.73 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ആലപ്പുഴയിലെ 1685 കര്‍ഷകരുടെ 50 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 1.37 കോടി രൂപയാണ് പ്രാഥമിക നഷ്ടം. എറണാകുളത്ത് 47.30 ഹെക്ടര്‍ കൃഷി നശിച്ചു. 42 കര്‍ഷകര്‍ക്ക് 22 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇടുക്കിയില്‍ 22 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 115 കര്‍ഷകരാണ് ദുരിതത്തിലായത്. 1.90 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. തലസ്ഥാനമായ തിരുവനന്തപുരത്ത് 121.51 ഹെക്ടര്‍ ഭൂമിയിലെ കൃഷിയാണ് നശിച്ചത്. 1550 കര്‍ഷകര്‍ ദുരിതബാധിതരാണ്. 3.89 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊല്ലത്ത് 89.32 ഹെക്ടറിലെ കൃഷി നശിച്ചു. 941 കര്‍ഷകര്‍ക്ക് 2.21 കോടി രൂപയുടെ നഷ്ടമുണ്ടായി. പത്തനംതിട്ടയില്‍ 315 കര്‍ഷകരുടെ 59 ഹെക്ടറിലെ കൃഷി നശിച്ചതിലൂടെ 1.22 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. മലപ്പുറം ജില്ലയില്‍ 14.20 ഹെക്ടറിലെ കൃഷി നശിച്ചു. 29 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 93 പേരാണ് ദുരിതബാധിതര്‍. പാലക്കാട് ജില്ലയില്‍ 8.20 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. 41 കര്‍ഷകര്‍ക്ക് 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാസര്‍കോട് ജില്ലയില്‍ 1.50 ഹെക്ടറിലെ കൃഷി നശിച്ചു. ആറ് കര്‍ഷകര്‍ക്കായി 2.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കണ്ണൂരിലാണ് ഏറ്റവും കുറവ് കൃഷിനാശമുണ്ടായത്, 0.40 ഹെക്ടര്‍. എട്ട് കര്‍ഷകര്‍ക്കായി 85000 രൂപയുടെ നാശമുണ്ടായെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തല്‍.