Monday, May 6, 2024
keralaNews

അരിപ്പ സമരഭൂമിയില്‍ അയ്യന്‍കാളി ജയന്തി ആഘോഷം

അഞ്ചല്‍: അരിപ്പ സമരഭൂമിയില്‍ പതിനൊന്ന് വര്‍ഷമായി ഓണമുണ്ണാന്‍ വിധിക്കപ്പെട്ട ദലിത് ആദിവാസി- ഇതര കുടുംബങ്ങള്‍ മഹാത്മ അയ്യന്‍കാളിയുടെ 160-ാം ജന്മദിനം ജന്മനക്ഷത്ര ദിനമായ അവിട്ടം നാളില്‍ വിപുലമായ പരിപാടികളോടെ കൊണ്ടാടി.                                 കേരളീയ നവോത്ഥാന നായകരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മഹാത്മ അയ്യന്‍കാളിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചിട്ടും പ്രതികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതില്‍ ആരെയോ ഭയപ്പെടുന്ന സര്‍ക്കാറിന്റെ ദലിത് വിരുദ്ധ നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ അയ്യന്‍കാളിയുടെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിന് ദലിത് ആദിവാസി സമൂഹം തയ്യാറാവേണ്ടതുണ്ട്. അയ്യന്‍കാളിയുടെ പോരാട്ടങ്ങളോരോന്നും, ചരിത്രത്തെ മുഴുവന്‍ മാറ്റിമറിച്ചതും.                                                                                                                                         കേരളത്തെ അയ്യന്‍കാളിക്ക് മുമ്പും, ശേഷവുമെന്ന കാലഗണനക്ക് വിധേയമാക്കേണ്ടതുമാണ്. ആധുനിക കാലത്ത് ചില ദലിത് സംഘടനകള്‍ നടത്തിവരുന്ന ഒത്തുതീര്‍പ്പ് സമരങ്ങളും കൂടി ചേരലുകളും ഭരണകൂടങ്ങളില്‍ നിന്ന് ലഭിക്കുന്ന ചില്ലറ നേട്ടങ്ങള്‍ക്ക് സമുദായത്തെ അടിയറവെക്കുന്നതാണെന്നും സാധാരാണ മനുഷ്യര്‍ ഭൂമിക്കും വിഭവാധികാരത്തിനും നടത്തിവരുന്ന സുദീര്‍ഘകാലമായി തുടര്‍ന്ന് വരുന്ന അതി ജീവന പോരാട്ടങ്ങളെ സര്‍ക്കാറിനോടൊപ്പം, ദലിത് സമുദായ നേതൃത്വങ്ങളും അവഗണിക്കുകയാണെന്ന് സമര ഭൂമിയില്‍ നടന്ന അയ്യന്‍കാളി അനുസ്മരണ സമ്മേളനത്തില്‍ നല്‍കിയ സന്ദേശത്തില്‍ ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു. ഏ.ഡി.എം.എസ്സ് നേതാക്കളായ വി. രമേശന്‍ , ഷൈനി പി വട്ടപ്പാറ, വി.സി. വിജയന്‍ , ബി.അശോകന്‍ , ഏ. അജിത, യു. മനോഹരന്‍, സുനിത എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്കുള്ള കലാ-കായിക മല്‍സരവും, പായസ ദാനവും നടന്നു.