Thursday, May 16, 2024
indiaNews

സൂര്യനിലേക്ക് ആദിത്യ എല്‍ 1 വിക്ഷേപണം നാളെ

ചെന്നൈ: ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യം, ആദിത്യ എല്‍ 1 നാളെ (02/09/2023) വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നും പകല്‍ 11:50 നാണ് വിക്ഷേപണം നടക്കുക. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. വിക്ഷേപണ കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കും.വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി അറിയിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് കഴിഞ്ഞദിവംസം അറിയിച്ചിരുന്നു. റിഹേഴ്‌സല്‍ പൂര്‍ത്തിയായതായും റോക്കറ്റും സാറ്റലൈറ്റും തയാറാണെന്നും അദ്ദേഹം പറഞ്ഞു. പിഎസ്എല്‍വി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങള്‍ കണ്ടെത്തുക, സൗരകൊടുങ്കാറ്റിന്റെ ഫലങ്ങള്‍ എന്തെല്ലാമെന്ന് വിലയിരുത്തുക എന്നിവയാണ് ദൗത്യം മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യം. ഇതിന് പുറമേ സൗര വികിരണങ്ങള്‍ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളും പഠിക്കും.നാല് മാസത്തെ യാത്ര, അതായത് 125 ദിവസമെടുത്താകും പേടകം ലക്ഷ്യസ്ഥാനത്തെത്തുക. ഭൂമിയില്‍ നിന്നും ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാകും ഉപഗ്രഹമെത്തുന്നത്. സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയില്‍ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദു അഥവാ എല്‍1 കേന്ദ്രീകരിച്ചാകും ആദിത്യയുടെ യാത്ര. ബഹിരാകാശ നിരീക്ഷണ കേന്ദ്രമായാകും ഉപഗ്രഹം പ്രവര്‍ത്തിക്കുക.