Thursday, May 2, 2024
keralaNews

സെക്രട്ടേറിയറ്റിലെ തീ പിടുത്തം അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോര്‍ട്ട്.

സെക്രട്ടേറിയറ്റിലെ തീ പിടുത്തം അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോര്‍ട്ട്. ഫാനിന്റെ മോട്ടോര്‍ ചൂടായി തീ പിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും ഫയലുകളിലും കര്‍ട്ടനിലും തീ പടര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധനയില്‍ അട്ടിമറി കണ്ടെത്താനായില്ല.എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. കൊച്ചിയിലും ബെംഗലൂരുവിലും ഫാനിന്റെ ഭാഗങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫാനിന്റെ മോട്ടോറും വയറും പൂര്‍ണമായും കത്തിയിരുന്നു, അട്ടിമറിയാണോ ഷോര്‍ട്ട് സര്‍ക്യൂട്ടാണോ എന്ന് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് കഴിഞ്ഞില്ല. സെക്രട്ടേറിയറ്റിന്റെ പ്രൊട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്.
2020 ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് തെളിയിച്ചിരുന്നില്ല. പ്രധാന ഫയലുകളൊന്നും കത്തി നശിച്ചിട്ടില്ലെന്നും പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.