Monday, April 29, 2024
indiaNewsUncategorized

ആര്യന്‍ ഖാന്‍ പ്രതിയായ വ്യാജ ലഹരി കേസ്; സമീറിന്റെ വീടും ഓഫീസും സിബിഐ റെയ്ഡ് ചെയ്തു

ദില്ലി: ആര്യന്‍ഖാന്‍ പ്രതിയായ വ്യാജ ലഹരി മരുന്ന് കേസില്‍ എന്‍സിബി മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെക്ക് എതിരായി സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ . വ്യാജ കേസ് ഉണ്ടാക്കി ഷാരൂഖിനെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കലാക്കാനായിരുന്നു പദ്ധതി. പിന്നീട് 18 കോടിക്ക് ഉറപ്പിച്ചു. 50 ലക്ഷം അഡ്വാന്‍സ് വാങ്ങി. കിരണ്‍ ഗോസാവി എന്നയാളുമായി ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും എഫ് ഐ ആറില്‍ പയുന്നു. വിദേശയാത്രകളെക്കുറിച്ച് കൃത്യമായ ഉത്തരം നല്‍കാന്‍ സമീറിന് കഴിഞ്ഞില്ല. വെള്ളിയാഴ്ച സമീറിന്റെ വീടും ഓഫീസും സിബിഐ റെയ്ഡ് ചെയ്തിരുന്നു. മഹാരാഷ്ട്ര എന്‍സിബി മുന്‍ സോണല്‍ ഡയറക്ടറാണ് സമീര്‍ വാങ്കഡെ. ആര്യന്‍ ഖാനെ കേസില്‍ നിന്ന് ഒഴിവാക്കാനായി സമീര്‍ വാങ്കഡേ അടക്കമുള്ള ഉദ്യോഗസ്ഥര്‍ 25 കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് സിബിഐ കേസ്. സമീര്‍ വാങ്കഡേ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ദില്ല, മുംബൈ, റാഞ്ചി, ലക്‌നൗ, ഗുവാഹത്തി, ചെന്നൈ അടക്കമുള്ള 30 ഓളം ഇടങ്ങളില്‍ റെയ്ഡും നടക്കുകയാണ്. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഐആര്‍എസ് ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡേയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് സിബിഐ വെള്ളിയാഴ്ച വിശദമാക്കിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ സമീര്‍ വാങ്കഡേ അഴിമതിയിലൂടെ പണം സമാഹരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.2021 ഒക്ടോബറിലായിരുന്നു മുംബൈയിലെ ആഡംബര കപ്പലായ കോര്‍ഡേലിയ ഇംപ്രസയില്‍ സമീര്‍ വാങ്കഡേ നേതൃത്വം നല്‍കുന്ന സംഘം റെയ്ഡ് നടത്തിയതും ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായതും. കേസിന്റെ ആരംഭത്തില്‍ മയക്കുമരുന്ന് കൈവശം വച്ചതും ഉപയോഗിച്ചതും കടത്തിയതും അടക്കമുള്ള ആരോപണങ്ങളായിരുന്നു ആര്യന്‍ ഖാനെതിരെ ചുമത്തിയിരുന്നത്. ഈ കേസില്‍ 22 ദിവസം ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന് എന്‍സിബി 2022 മെയ് മാസത്തില്‍ തെളിവുകളുടെ അഭാവത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കി വെറുതെ വിടുകയായിരുന്നു.