Tuesday, May 14, 2024
keralaNews

സനു മോഹന്‍ പിടിയില്‍

മകള്‍ വൈഗയുടെ ദുരൂഹമരണത്തിനു ശേഷം സംശയകരമായ സാഹചര്യങ്ങളില്‍ കാണാതായ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഫ്‌ലാറ്റിലെ സനു മോഹനെ (40) പൊലീസ് പിടികൂടി. ഉത്തര കന്നഡ കാര്‍വാറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സനു മോഹന്‍ കൊല്ലൂരിലെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയില്‍നിന്നുള്ള അന്വേഷണ സംഘം കൊല്ലൂരിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ കൊല്ലൂരില്‍നിന്നു മുങ്ങിയതായി വ്യക്തമായതോടെ കേരള പൊലീസ് അന്വേഷണത്തിനു കര്‍ണാടക പൊലീസിന്റെ സഹായം തേടി. സനു മോഹന്‍ കൊല്ലൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്നു സ്വകാര്യ ബസില്‍ കയറി വനമേഖലയില്‍ ഇറങ്ങിയതായാണു വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ ബസ് ഇറങ്ങിയ ഭാഗം കേന്ദ്രീകരിച്ച് വനത്തില്‍ കൊല്ലൂര്‍ പൊലീസിന്റെയും വനം വകുപ്പിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇന്നലെ ഉച്ചയോടെ പിടികൂടിയത്.തുടര്‍ന്നു കാര്‍വാറില്‍ കര്‍ണാടക പൊലീസാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ കേരള പൊലീസിനു കൈമാറി. മാര്‍ച്ച് 20ന് ആണ് സനു മോഹനെയും മകള്‍ വൈഗയെയും(13) കാണാതായത്. വൈഗയെ പിറ്റേന്നു കൊച്ചി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.ഇയാളെ ഉടനെ കൊച്ചിയിലേക്കു കൊണ്ടു പോകുമെന്നാണ് അറിയുന്നത്. കൊച്ചിയില്‍എത്തിച്ചശേഷമായിരിക്കും ചോദ്യം ചെയ്യലും മറ്റു നടപടികളും.