Sunday, May 5, 2024
keralaNewspolitics

എ ഐ ക്യാമറയുടെ മറവില്‍ കോടികളുടെ അഴിമതിയെന്ന് :കെ സുധാകരന്‍

തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയുടെ മറവില്‍ നടന്ന കോടികളുടെ അഴിമതി തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കോടികളുടെ കമ്മീഷന്‍ ഇടപാട് നടന്ന പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ പൊലീസ് നടത്തുന്ന അന്വേഷണമല്ല വേണ്ടതെന്ന് കെ സുധാകരന്‍ പറഞ്ഞു. സാങ്കേതിക പരിജ്ഞാനം ഉള്ളവിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളെ ദ്രോഹിക്കുന്ന പദ്ധതി നടപ്പിലാക്കരുതെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പ് അതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെന്ന സര്‍ക്കാര്‍ വാദവും അതിന് ബലം നല്‍കുന്ന വാര്‍ത്തയും ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്ന് കെ സുധാകരന്‍ പരിഹസിച്ചു. 2022ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ഈ വര്‍ഷം ഫെബ്രുവരിയില്‍ അന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടെന്നാണ് പുറത്ത് വന്ന വാര്‍ത്ത. ഇത്തരം ഒരു വാര്‍ത്ത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പുറത്ത് വിട്ടത് എഐ ക്യാമറ പദ്ധതിയില്‍ നടന്ന അഴിമതി മൂടിവെയ്ക്കാനാണെന്നും കെ സുധാകരന്‍ ആരോപിക്കുന്നു. അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ട പദ്ധതിക്ക് സര്‍ക്കാരും മന്ത്രിസഭയും അനുമതി നല്‍കിയത് എന്തിനാണെന്നും അത് കൊട്ടിഘോഷിച്ച് വിജിലന്‍സ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതെന്തിനാണെന്നും കെ സുധാകരന്‍ ചോദിച്ചു. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രഹസ്യമായി പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഈ രേഖകള്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം ഒരു വാര്‍ത്ത സര്‍ക്കാര്‍കേന്ദ്രം പുറത്ത് വിട്ടത്. ഈ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിച്ചു.

 

ക്യാമറ ഇടപാടില്‍ കെല്‍ട്രോണിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ്

കേരളത്തില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഇടപാടില്‍ കെല്‍ട്രോണിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും കെല്‍ട്രോണിനെതിരായ ആക്ഷേപം അന്വേഷിക്കുന്നത്. ടെന്‍ഡര്‍ ഡോകുമെന്റ് പ്രകാരമാണ് ഉപകരാറുകള്‍ നല്‍കിയതെന്നും ടെന്‍ഡര്‍ അടക്കമുള്ള നടപടികള്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ ഗതിയില്‍ ഉപകരാറുകള്‍ നല്‍കുന്നത് ഗതാഗത വകുപ്പിനെ അറിയിക്കേണ്ടതില്ല. സേഫ് കേരളയില്‍ നല്ല മുന്നേറ്റം കേരളത്തിന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം നിയമ ലംഘനങ്ങളുടെ കുറവ് ഏഴ് ദിവസം കൊണ്ട് ഉണ്ടായെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. എ.ഐ ക്യാമറാ വിവാദത്തില്‍ കെല്‍ട്രോണിന്റെ വാദങ്ങള്‍ ഓരോന്നായി പൊളിയുകയാണ്. ഫെസിലിറ്റി മാനേജ്‌മെന്റിനായി 81 കോടി രൂപ മാറ്റിയെന്ന കെല്‍ട്രോണ്‍ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. ഒരു ക്യാമറയ്ക്ക് 4 ലക്ഷം രൂപ ചിലവായെന്ന വാദവും തെറ്റെന്ന് രേഖകള്‍ തെളിയിക്കുന്നു. ക്യാമറ പദ്ധതിക്കായി 232 കോടി രൂപ ചെലവായെന്ന സര്‍ക്കാര്‍ വാദവും പൊളിയുകയാണ്. സേഫ് കേരളയുടെ ഈ പദ്ധതിക്കായി 151 കോടി മാത്രമാണ് ചെലവായതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. 151 കോടിക്ക് പുറമേ 81 കോടി രൂപ കുടി ഫെസിലിറ്റി മാനേജ്‌മെന്റിന് മാറ്റി എന്നായിരുന്നു കെല്‍ട്രോണ്‍ നിലപാട്. എന്നാല്‍ ഫെസിലിറ്റി മാനേജ്‌മെന്റ് ഉള്‍പ്പെടെയാണ് 151 കോടിക്ക് എസ്ആര്‍ഐ റ്റിക്ക് കരാര്‍ നല്‍കിയത്. കണ്‍ട്രോള്‍ റൂം സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കിയതും ഇതേ 151 കോടി രൂപയില്‍ നിന്നാണ്. ഇതില്‍നിന്നുള്ള ലാഭത്തിന്റെ 60% പ്രസാഡിയോക്കെന്നും കരാറില്‍ പറയുന്നു.
എ.ഐ ക്യാമറ ഒന്നിന് നാല് ലക്ഷം ചിലവായി എന്നായിരുന്നു മറ്റൊരു വാദം. ക്യാമറ വാങ്ങിയത് 1,23,000 രൂപയ്ക്ക് എന്നതിനും തെളിവുകള്‍ പുറത്തുവന്നു. പദ്ധതിക്കായി 82.87 കോടി രൂപ മതിയാകും എന്ന് കരാര്‍ എടുത്ത കമ്പനികളും പറയുന്നു. ഇതിനായി കരാര്‍ ഒപ്പിട്ട ദിവസം തന്നെ പര്‍ച്ചേസ് ഓര്‍ഡറും നല്‍കി.
എ.ഐ ക്യാമറ പദ്ധതി കെല്‍ട്രോണിന്റേതാണെന്ന സര്‍ക്കാര്‍ അവകാശവാദവും പൊളിയുകയാണ്. എസ് ആര്‍ ഐ ടിക്ക് പുറമേ ആറു സ്വകാര്യ കമ്പനികള്‍ക്ക് കൂടി കെല്‍ട്രോണ്‍ ഉപകരാറുകള്‍ നല്‍കിയിട്ടുണ്ട്. അടിമുടി ദുരൂഹതയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളിലും ഇത് സംബന്ധിച്ച രേഖകള്‍ ഇല്ലാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു.