Saturday, May 4, 2024
NewsSportsworld

ശസ്ത്രക്രിയക്ക് ശേഷം മുന്‍ ന്യൂസിലന്‍ഡ് താരം ക്രിസ് കെയ്ന്‍സിന്റെ കാലുകള്‍ തളര്‍ന്നു

ഹൃദയ ശസ്ത്രക്രിയക്ക് ശേഷം അപകടനില തരണം ചെയ്‌തെങ്കിലും മുന്‍ ന്യൂസിലന്‍ഡ് താരം ക്രിസ് കെയ്ന്‍സിനെ ദുരിതങ്ങള്‍ വിടാതെ പിന്തുടരുകയാണ്. ശസ്ത്രക്രിയക്ക് പിന്നാലെ ക്രിസ് കെയിന്‍സിന്റെ കാലുകള്‍ തളര്‍ന്നതായാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയക്ക് ഇടയില്‍ നട്ടെല്ലില്‍ ഉണ്ടായ സ്‌ട്രോക്കാണ് കാലുകളുടെ ചലന ശേഷി നഷ്ടപ്പെടാന്‍ കാരണം. ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തുന്ന വാര്‍ത്തയാണിത്.

കാലുകള്‍ തളര്‍ന്നതോടെ ഓസ്‌ട്രേലിയയിലെ സ്‌പെഷ്യലിസ്റ്റ് സ്‌പൈനല്‍ ആശുപത്രിയില്‍ കെയ്ന്‍ ചികിത്സ തേടും. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കെയ്ന്‍സ് ജീവരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ട്. കാന്‍ബറയിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 51കാരനായ കെയിന്‍സ്, ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു ശസ്ത്രക്രിയക്ക് വിധേയനായത്. ഹൃദയ ധമനികള്‍ പൊട്ടിയുള്ള രക്തസ്രാവത്തെ തുടര്‍ന്നാണ് കെയ്ന്‍സിനെ ഓഗസ്റ്റ് ആദ്യ വാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം കാന്‍ബറയിലെ തന്റെ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും താരത്തിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുന്‍പ് ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനാവേണ്ടി വന്നിട്ടുള്ള കെയിന്‍സിന്റെ ഇപ്പോളത്തെ അവസ്ഥ അല്പം പേടിപ്പെടുത്തുന്നതാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളും കെയ്ന്‍സ് കളിച്ചിട്ടുണ്ട്. 1998 മുതല്‍ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. ടെസ്റ്റില്‍ 3320 റണ്‍സും 218 വിക്കറ്റും നേടി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും സ്വന്തം പേരിലുണ്ട്. 2000 ത്തില്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയും ക്രിസ് കെയ്ന്‍സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു