Thursday, May 16, 2024
indiaNewspolitics

ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കും; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കി മാതൃക കാണിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിംഗ് ധാമി. ഗോവയ്ക്ക് പിന്നാലെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേ നിയമം അനുശാസിക്കുന്ന ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കുമെന്ന് ധാമി പറഞ്ഞു.

ഉത്തരാഖണ്ഡ് ഭരണകൂടം അധികാരത്തിലേറും മുന്നേ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദ്ദാനത്തില്‍ നിന്ന് പിന്നോട്ടില്ല. സംസ്ഥാന ക്യാബിനറ്റ് തീരുമാനം പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ പരിധിയില്‍ മാത്രമായി എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ ഉടന്‍ വിദഗ്ധരുമായി ഇരുന്ന് തീരുമാനം പ്രഖ്യാപിക്കുമെന്നും പുഷ്‌ക്കര്‍ സിംഗ് ധാമി പറഞ്ഞു.

സംസ്ഥാനത്തെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, പാരമ്പര്യ സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങി പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും ഇനി ഏകീകൃത സിവില്‍ കോഡ് ബാധമായിരിക്കുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയുടെ 44-ാം നിര്‍ദ്ദേശകതത്വങ്ങളിലെ വകുപ്പനുസരിച്ച് ജാതി മതവ്യത്യാസ മില്ലാതെ രാജ്യത്തെ നിയമം നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാദ്ധ്യതയുണ്ട്. അത് സുപ്രധാന കടമായായിട്ടാണ് കണക്കാക്കുന്നത്.

സമകാലീന ഭാരതത്തില്‍ മത-ജാതി അധിഷ്ഠിത വര്‍ഗ്ഗീകരണവും വ്യക്തി നിയമവും നിലനില്‍ക്കുന്നതിനാല്‍, ഒരു ഏകീകൃത സിവില്‍ നിയമം അത്യാവശ്യമാണ്. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പുരുഷന് തുല്യമായ എല്ലാ അവകാശങ്ങളും ലഭിക്കേണ്ടതുണ്ട്. മാത്രമല്ല,

നിലവിലുള്ള സ്ത്രീവിരുദ്ധമായ വ്യക്തിനിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതും അനിവാര്യമാണ്. ലിംഗസമത്വം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ഒന്നാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കണമെന്ന് ആവശ്യം ശക്തമാകുന്നത്.