Sunday, April 28, 2024
keralaNews

” കാണിക്ക ചലഞ്ച് ”  സോഷ്യൽ മീഡിയായിലെ പ്രചരണത്തിന് പിന്നിൽ  ഗൂഢാലോചന ;  ദേവസ്വം എംപ്ലോയീസ് സംഘ് 

തിരുവനന്തപുരം: വീണ്ടുമൊരു മണ്ഡലക്കാലം  തുടങ്ങുകയായി. ” കാണിക്ക ചലഞ്ച് ” എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ വീണ്ടും സജീവമായിത്തുടങ്ങി.ഇതിൻ്റെ പിന്നിൽ ഒരു ഗൂഢാലോചനയുണ്ടോയെന്ന്  സംശയിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ്  കെ.പി.രമേശ് പ്രസ്ഥാവനയിൽ അറിയിച്ചു.
ഹൈന്ദവ – സംഘ പ്രസ്ഥാനങ്ങളൊന്നും ആധികാരികമായി ഇങ്ങനെ ഒരു പ്രസ്താവനയോ, പ്രമേയമോ പുറപ്പെടുവിച്ചിട്ടുള്ളതായി അറിവില്ല. സർക്കാരിൻ്റെ ഹൈന്ദവ വിരുദ്ധ നടപടികൾ ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല.                                ശബരിമല തകർന്നു കാണാൻ ആഗ്രഹിക്കുന്ന നിഗൂഢശക്തികൾ വേറെയുമുണ്ട്. സർക്കാർ നിയന്ത്രിത ബോർഡുകൾ, കോർപ്പറേഷൻ എന്നിവടങ്ങളിലെല്ലാം നടക്കുന്ന അഴിമതി ദേവസ്വം ബോർഡിലുമുണ്ടാകാം.എന്നാൽ ഇതിനെതിരെയുള്ള പ്രതിഷേധം ക്ഷേത്രത്തിൽ കാണിക്കയിടുക, വഴിപാട് സമർപ്പിക്കുക എന്നത് ഇല്ലാതാക്കി കൊണ്ടാകരുത്.അത് ശകുനം മുടക്കാൻ മൂക്ക് മുറിക്കുന്നതിന് തുല്യമോ, എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമോ ആണ്. കാണിക്കയിടുന്നതും വഴിപാട് സമർപ്പണവുമെല്ലാം ആചാര – വിശ്വാസങ്ങളുടെയും, ഹൈന്ദവ സംസ്കാരത്തിൻ്റെ ഭാഗമായ സമർപ്പണ
                                                                 
സ്വഭാവത്തിൻ്റെയും ഭാഗമാണ്. അതിനെതിരെ പ്രചരണം നടത്തുന്ന “ദേവന് കാണിക്ക ആവശ്യമില്ല ” തുടങ്ങിയ പ്രയോഗങ്ങൾ അവിശ്വാസികളുടെയും നിരീശ്വരവാദികളുടെയും അജണ്ടയാണ് .അറിയാതെയെങ്കിലും വിശ്വാസികൾ ഇതിൽ പെട്ടു പോകരുത്. ഈ സംസ്കാരം നശിച്ചാൽ എല്ലാം നശിക്കും. അല്ലെങ്കിൽ തന്നെ കൊറോണ നിയന്ത്രങ്ങൾ കൊണ്ട് ആളുകളുടെ ക്ഷേത്ര ദർശന ശീലം തന്നെ കുറഞ്ഞിട്ടുണ്ട്.ഇത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. ഹൈന്ദവ വിരുദ്ധ ശക്തികൾ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. കൂടാതെ മറ്റൊരു വശം കൂടി ചിന്തിക്കേണ്ടതുണ്ട്. ക്ഷേത്ര ജീവനവുമായി ബന്ധപ്പെട്ടും, മറ്റ് ക്ഷേത്ര പൂജാ സംബന്ധ വ്യാപരങ്ങളിലേർപ്പെട്ടും, ക്ഷേത്ര കല – ഉപജീവനമാക്കിയും ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ഉണ്ട്. അവരിൽ ബഹുഭൂരിപക്ഷവും ഹൈന്ദവ – സംഘ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരോ, അനുഭാവികളോ ആണ്. അവരുടെ ജീവിതമാർഗ്ഗം ഇത്തരം കുപ്രചരണങ്ങളാൽ തടയപ്പെടും.സർക്കാർ നയങ്ങളെ എതിർക്കുവാൻ ബഹുജന പ്രക്ഷോഭങ്ങളും, നിയമ നടപടികളുമാണ് സ്വീകരിക്കേണ്ടത്. അതു കൊണ്ട് സംഘ – വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളിലെ പ്രവർത്തകരോ, നേതാക്കളോ അറിഞ്ഞോ, അറിയാതെയോ ഇത്തരം കുപ്രചരണങ്ങളിൽ പങ്കാളിയാവുകയോ, പ്രോത്സാഹനം കൊടുക്കുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം  പറഞ്ഞു.