Thursday, May 2, 2024
keralaNews

ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി

ആര്‍സിസിയില്‍ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുകയായിരുന്ന ലിഫ്റ്റില്‍നിന്നും വീണ് മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ(22) ആണ് മരിച്ചത്.നദീറ മരിക്കാനിടയായ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ നടപടി എടുത്തതായും മന്ത്രി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ ആര്‍സിസി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.നിര്‍ധന കുടുംബാംഗമായ നദീറയ്ക്ക് മതിയായ നഷ്ടപരിഹാരം ആര്‍സിസി നല്‍കണമെന്ന് കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസം 15ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു നദീറ.