Friday, May 3, 2024
keralaNewsObituary

അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

ഇടുക്കി: അടിമാലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി റീജിയണല്‍ കോളേജില്‍ നിന്ന് വിനോദയാത്രക്കായി പോയവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് . അടിമാലി മുനിയറയിലാണ് സംഭവം. വളാഞ്ചേരി റീജിയണല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സ് ആണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ രാത്രി 1.15ഓടെയാണ് അപകടമുണ്ടായത്. വിനോദയാത്രയ്ക്കായി എത്തിയ സംഘം തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കല്ലാര്‍കുട്ടി-മയിലാടുംപാറ റൂട്ടില്‍ മുനിയറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തിങ്കള്‍ക്കാടിന് സമീപത്താണ് ബസ് മറിയുന്നത്. കൊടുംവളവും കുത്തിറക്കവുമുള്ള പ്രദേശമാണിവിടം. തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു ബസ്.വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം നേതൃത്വം നല്‍കിയത്. പിന്നാലെ പോലീസും ഫയര്‍ ആന്റ് റസ്‌ക്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രണ്ട് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പരിക്കേറ്റവരെ വാഹനത്തിനുള്ളില്‍ നിന്ന് പുറത്തെടുത്തത്.