Friday, May 10, 2024
keralaNewsObituary

ആംബുലന്‍സ് ഡ്രൈവറുടെ മരണം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ ഡിപ്പോയിലെ ഡ്രൈവര്‍ ആലുവ മണ്ണാങ്കുഴി വീട്ടില്‍ മുനീറാണ് (42) അറസ്റ്റിലായത്. അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച വൈകിട്ട് 6ന് എംസി റോഡില്‍ പറന്തല്‍ ജംക്ഷനു സമീപമായിരുന്നു അപകടം.

മറ്റ് വാഹനങ്ങളെ മറികടന്നെത്തിയ കെഎസ്ആര്‍ടിസി ബസ് അടൂരിലേക്കു വന്ന ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ തൃശൂര്‍ ആക്കിക്കാവ് തോലത്ത് വീട്ടില്‍ ബെന്നിസണ്‍ ടി.സാക്ക് (38) ആണ് മരിച്ചത്. ഐപിസി 304 വകുപ്പ് പ്രകാരമാണ് മുനീറിനെതിരെ കേസെടുത്തതെന്നു പൊലീസ് പറഞ്ഞു.