Saturday, April 27, 2024
keralaNews

സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി ടിക്കറ്റ് ഇനി അക്ഷയ കേന്ദ്രത്തിലൂടെ…..

സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി ടിക്കറ്റ് ഇനി അക്ഷയ കേന്ദ്രത്തിലെത്തി ബുക്ക് ചെയ്യാം. ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി അക്ഷയ കേന്ദ്രങ്ങളെ ഒ.പി ടിക്കറ്റ് കേന്ദ്രങ്ങളാക്കും. പുതിയ സംവിധാനം ഉടന്‍ തന്നെ സംസ്ഥാനത്ത് നിലവില്‍ വരും.ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്യാമെന്ന ഇ-ഹെല്‍ത്ത് പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തവരെ ലക്ഷ്യമിട്ടുള്ളതാണ് ഇത്. സ്വന്തമായി മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയാത്തവരോ ആയ ആളുകളെ സഹായിക്കാനാണ് അക്ഷയ കേന്ദ്രങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.വ്യക്തി വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചാണ് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ലഭിക്കുന്ന തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ച് ഒ.പി ടിക്കറ്റ് ബുക്കിംഗ് സാദ്ധ്യമാകും. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സമയത്ത് മാത്രം രോഗി ആശുപത്രിയില്‍ എത്തിയാല്‍ മതിയാകും.ഒറ്റക്ലിക്കില്‍ തന്നെ രോഗിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കുന്നതാണ് പുതിയ സംവിധാനം. രോഗിയ്ക്ക് എന്തെല്ലാം ലക്ഷണങ്ങള്‍ ഉണ്ടെന്നും ഏതൊക്കെ മരുന്നാണ് നിലവില്‍ കഴിയ്ക്കുന്നതെന്നും അടക്കമുള്ള വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ഇതുവഴി ലഭിക്കും.