Friday, May 3, 2024
keralaNews

പിറന്നാള്‍ ആഘോഷിക്കാനാകാതെ ഇരുമ്പൂന്നിക്കരക്ക് ദുഃഖമായി മിഥുന് നാടിന്റെ യാത്രാമൊഴി.

പിറന്നാള്‍ ആഘോഷിക്കാനാവാതെ ഇരുമ്പൂന്നിക്കര നിവാസികള്‍ക്ക് ദുഃഖമായി മിഥുന് നാടിന്റെ യാത്രാമൊഴി.എരുമേലി കോയിക്കക്കാവ് പ്ലാമൂട്ടില്‍ മിഥുന്റെ വേര്‍പാടാണ് നാടിനെ കണ്ണീരിലാഴ്ത്തിയത്.ഇന്നലെ വെളുപ്പിനെ രണ്ടരയോടെ പെരുമ്പാവൂരിനടുത്ത് തടിയുമായി പോയ മിഥുന്‍ ലോറി മറിഞ്ഞ്
അപകടത്തില്‍പ്പെടുകയായിരുന്നു.റോഡിലെ കുഴിയില്‍ ചാടിയ ലോറി കയറ്റുന്നതിനിടെ റോഡിന് സമീപത്തുള്ള കനാലിലേക്ക് ലോറി മറിയുകയായിരുന്നു.ഫയര്‍ഫോഴ്‌സും,നാട്ടുകാരും,ക്രെയിന്‍ ഉപേയാഗിച്ച് ലോറി മാറ്റി മിഥുനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.എരുമേലി സ്വദേശിയുടെ തന്നെ മില്ലില്‍ തടി ഇറക്കുന്നതിന് തൊട്ടു മുമ്പ് റോഡിലെ കുഴിയില്‍ ചാടിയ ലോറി കയറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.തടി ബിസനസുകാരനായ അച്ഛനെ സഹായിക്കാനായി പഠനത്തിന് ശേഷം ഡ്രൈവിംഗ് പഠിച്ച മിഥുന് സ്വന്തമായി അച്ഛന്‍ ലോറിയും വാങ്ങി നല്‍കിയിരുന്നു.ഈ ലോറിയില്‍ പെരുമ്പാവൂരില്‍ തടി എത്തിക്കുന്ന മിടുക്കനായ ഡ്രൈവര്‍ കൂടിയായിരുന്നു മിഥുന്‍. നാട്ടുകാര്‍ക്കും -സുഹൃത്തുക്കള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട മിഥുന്‍ എന്ന അപ്പുണ്ണിയുടെ വേര്‍പാട് നാട്ടുകാരെ കണ്ണീരിലാഴ്ത്തുകയായിരുന്നു.23ന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ കാത്തു നില്‍ക്കാതെ മിഥുന്‍ യാത്രയായപ്പോള്‍ ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന പ്രിയ സുഹൃത്തിനെ കാണാന്‍ നൂറുകണക്കിനാളുകളാണ് വീട്ടിലെത്തിയത്.എരുമേലിയിലും,തുമരംപാറയിലും പൊതു ദര്‍ശനത്തിന് വച്ച ശേഷം അന്ത്യകര്‍മ്മങ്ങള്‍ക്കായി വീട്ടില്‍ എത്തുമ്പോഴും നിരവധിയാളുകള്‍ അപ്പുണ്ണിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ അവിടെയും എത്തി. അച്ഛന്‍ മുരളിയുടേയും അമ്മ സിന്ധുവിന്റേയും ഏക സഹോദരി ശ്രീകുട്ടിയുടേയും,മറ്റ് ബന്ധുക്കളുടേയും കരച്ചിലിനും അടങ്ങാനാവാത്ത ദുഃഖത്തിന് മുന്നില്‍ ചടങ്ങില്‍ പങ്കെടുത്തവരുടെ കണ്ണുകളും ഈറനണഞ്ഞു.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരും, മുന്‍ ജനപ്രതിനിധികളുമായ പഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാര്‍,മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശ് പള്ളിക്കൂടം, പി എ ഇര്‍ഷാദ് ,രജനി ചന്ദ്രശേഖരന്‍ , റെജി അമ്പാറ, സി കെ സോമന്‍,എം വി ഗിരീഷ്,തങ്കമ്മ ജോര്‍ജ് കുട്ടി, അജി,നവാസ്,വിവിധ പാര്‍ട്ടി നേതാക്കളായ വി. പി ഇസ്മായില്‍,വി.പി ഇബ്രാഹിം, കെ.രാജേഷ്,കെ. സി ജോര്‍ജ് കുട്ടി,സി കെ നസീര്‍,രാജീവ് പി ആര്‍ പറപ്പള്ളില്‍,ജിതിന്‍ പി എസ്,
ജോസ് ഇളയാനിതോട്ടം എന്നിവരടക്കം നിരവധി പേരാണ് സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തത്.