Sunday, May 5, 2024
keralaNews

തടവുകാരുടെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ ഇനി പാട്ടുകേള്‍ക്കാം;വീട്ടുകാരെ ഫോണില്‍ വിളിക്കാം

തടവുകാരുടെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ പുതിയ പരിഷ്‌ക്കാരങ്ങളുമായി ജയില്‍ ഡിജിപി ഋഷിരാജ് സിങ്.തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലുകളില്‍ എഫ്.എം റേഡിയോ സ്ഥാപിക്കും. രാവിലെ ആറു മണി മുതല്‍ രാത്രി എട്ടു മണിവരെ എഫ്എം റേഡിയോ പ്രവര്‍ത്തിപ്പിക്കണമെന്നും ജയില്‍ ഡിജിപി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആത്മഹത്യ പ്രവണത തടയുന്നതിനുമായി ഇതുള്‍പ്പടെ നിരവധി പരിഷ്‌ക്കാരങ്ങളാണ് ഋഷിരാജ് സിങ് ഇടപെട്ട് നടപ്പാക്കുന്നത്. കുടുംബാംഗങ്ങളുടെ ഫോണിലേക്ക് എണ്ണം നോക്കാതെ വിളിക്കുന്നതിനും അനുവദിക്കും.

വീട്ടുകാരെ വിളിക്കാന്‍ വിമുഖത കാണിക്കുന്നവരെ ഫോണ്‍ വിളിക്കാന്‍ പ്രേരിപ്പിക്കും. വ്യായാമം നിര്‍ബന്ധമാക്കുകയും അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളുന്നത് ഉറപ്പാക്കുകയും ചെയ്യും. ആഴ്ചയിലൊരിക്കല്‍ കൗണ്‍സലിങ് ക്ലാസും നിര്‍ബന്ധമാക്കും.ഇതു കൂടാതെ യൂണീഫോമിന് പകരം തടവുകാരുമായി സാധാരണവേഷത്തില്‍ ഇടപഴകാനും അവരുടെ സുഖവിവരങ്ങള്‍ ചോദിച്ചറിയാനുമായി ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ നിയോഗിക്കണം. ജയിലുകളില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സന്ദര്‍ശനം ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജയിലുകളില്‍ തടവുകാര്‍ക്ക് വായിക്കാനായി മാസികകള്‍ ഉറപ്പാക്കും. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായം തേടാനും ജയില്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ തടവുകാര്‍ക്കിടയില്‍ ആത്മഹത്യാ ശ്രമം കൂടിവരുന്നുണ്ട്.ഈ സാഹചര്യത്തില്‍ അത് തടയുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തടവുകാര്‍ക്ക് മാനസിക പിന്തുണയും ആശ്വാസവും വളര്‍ത്തുന്ന തരത്തിലുള്ള ഇടപെടല്‍ നടത്താന്‍ ജീവനക്കാരോട് ജയില്‍ ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.