Sunday, April 28, 2024
keralaNews

സംസ്ഥാനത്ത് ജോലി സമയത്തില്‍ മാറ്റം വരുത്തി ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തില്‍ മാറ്റം വരുത്തി ഉത്തരവ് പുറത്തിറക്കി. രണ്ട് മാസത്തേക്കാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തില്‍ മാറ്റം വരുത്തിയിട്ടുള്ളത്. നാളെമുതല്‍ ( മാര്‍ച്ച് 2 ) ഏപ്രില്‍ 30 വരെയുള്ള കാലയളവിലെ ജോലിസമയമാണ് പുനക്രമീകരിച്ചത്. രാവിലെ 7:00 മുതല്‍ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്ന് ലേബര്‍ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണമെന്നും ലേബര്‍ കമ്മിഷണര്‍ വ്യക്തമാക്കി. സൂര്യഘാത സാധ്യത ഇല്ലാത്ത മേഖലയെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതായത് സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെയാണ് ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതെന്ന് ലേബര്‍ കമ്മീഷണര്‍ വിശദീകരിച്ചു.