Monday, April 29, 2024
keralaNews

തലസ്ഥാനത്ത് രണ്ടു വാഹനാപകടങ്ങളിലായി മൂന്നു മരണം.

തലസ്ഥാനത്ത് രണ്ടു വാഹനാപകടങ്ങളിലായി മൂന്നു മരണം. വെഞ്ഞാറമൂട് വേളാവൂരില്‍ മറ്റൊരു കാറില്‍ തട്ടിയതിനുശേഷം നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി കാറില്‍ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു. കൊല്ലം ചടയമംഗലം പോരേടം എ.കെ.മന്‍സിലില്‍ അസീഫ ബീവിയാണ് മരിച്ചത്. കാര്‍ ഓടിച്ച ഭര്‍ത്താവ് അബ്ദുല്‍ കരീമിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആശുപത്രി ആവശ്യങ്ങള്‍ക്കായാണ് ചടയമംഗലത്ത് നിന്നു രാവിലെ കുടുംബം കാറില്‍ തിരുവനന്തപുരത്തേക്കു തിരിച്ചത്. ഭാര്യയെ ആശുപത്രിയില്‍ കാണിക്കാന്‍ കൊണ്ടുപോകുന്നു എന്നാണ് അബ്ദുല്‍ കരീം അപകടത്തിനുശേഷം പറഞ്ഞത്. അസീഫ ബീവി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വേളാവൂര്‍ ആളുമാനൂര്‍ ഉത്തമത്തില്‍ ഹരിപ്രസാദിന്റെ വീട്ടിലേക്കാണ് കാര്‍ നിയന്ത്രണം തെറ്റി പാഞ്ഞു കയറിയത്. ഇടിയുടെ ആഘാതത്തില്‍ മുന്‍വശത്തെ മതില്‍ പൂര്‍ണമായും തകര്‍ന്നു. പത്തനംതിട്ടയില്‍ നിന്നു വെഞ്ഞാറമൂട്ടിലേക്കു പോവുകയായിരുന്ന മറ്റൊരു കാറില്‍ തട്ടിയതിനുശേഷമാണ് വീടിന്റെ മതിലിലേക്കു ഇടിച്ചു കയറിയത്. അപകടം പതിയിരിക്കുന്ന വളവുകളില്‍ ഒന്നാണ് കഴക്കൂട്ടം ചെങ്ങന്നൂര്‍ ബൈപ്പാസിലെ ആളുമാനൂര്‍ വളവ്.

നെയ്യാറ്റിന്‍കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. വട്ടിയൂര്‍കാവ് പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളായ ആറാലുംമൂട് സ്വദേശി വിഷ്ണു (22), വടകോട് സ്വദേശി ഗോകുല്‍ കൃഷ്ണ (23) എന്നിവരാണ് മരിച്ചത്. കാറിലിരുന്ന ഒരാളിന് ഗുരുതരമായി പരുക്കേറ്റു. നെയ്യാറ്റിന്‍കര മൂന്ന് കല്ല്മൂട്ടിലെ പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം നടന്നത്. പൊളിടെക്‌നിക്കിലെ പ്രോഗ്രാം കഴിഞ്ഞ് വരുന്ന വഴി പുലര്‍ച്ചെയാണ് അപകടം നടന്നത്. നെയ്യാറ്റിന്‍കര ഭാഗത്തുനിന്നു വന്ന കാര്‍ പെട്രോള്‍ അടിക്കാനായി പമ്പിലേക്കു കയറുമ്പോള്‍ അമിത വേഗത്തില്‍ എത്തിയ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു.