Sunday, April 28, 2024
keralaNews

ജനുവരി മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം കാക്കി നിറത്തിലേക്ക് മാറ്റും.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം പഴയ കാക്കി നിറത്തിലേക്ക് മാറ്റും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും കാക്കി നിറവും, മെക്കാനിക്ക് ജീവനക്കാര്‍ക്ക് നീല നിറവും നല്‍കും. തൊഴിലാളി യൂണിയനുകളുമായി സിഎംഡി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജനുവരി മുതല്‍ മാറ്റം വരുത്താനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്.2015ലാണ് കാക്കി നിറമായിരുന്ന ജീവനക്കാരുടെ യൂണിഫോം നീല നിറത്തിലേക്ക് മാറ്റിയത്. അന്നത്തെ എംഡി ആന്റണി ചാക്കോയുടെ ആശയപ്രകാരം പ്രൊഫഷണല്‍ മുഖം വരുത്താനായിരുന്നു പരിഷ്‌കാരം. കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്റുമാക്കി. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും. തീരുമാനം നടപ്പാക്കി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂണിഫോം വീണ്ടും കാക്കിയിലേക്ക് മാറ്റുന്നത്.ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും കാക്കി നിറമുള്ള യൂണിഫോം ആയിരിക്കും. സീനിയോരിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും അനുവദിക്കും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആണ് നല്‍കുക. യൂണിഫോമിനുള്ള ഓര്‍ഡര്‍ മാനേജ്മെന്റ് ഉടന്‍ നല്‍കുമെന്നാണ് വിവരം. യൂണിയനുകളുടെ ആവശ്യപ്രകാരമാണ് നിറം മാറ്റാനുള്ള തീരുമാനം. ജനുവരി മുതല്‍ മാറ്റം വരുത്താനാണ് മാനേജ്മെന്റിന്റെ ആലോചന.