കോണ്‍ഗ്രസിനെ നയിക്കാന്‍ അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബാംഗമുണ്ടാകില്ല
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബാംഗമുണ്ടാകില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം മത്സരിക്കില്ലെന്നാണ് എഐസിസി വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നോമിനേഷന് നല്‍കില്ല. താന്‍ മത്സരിക്കാനില്ലെന്ന് രാഹുല്‍ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിര്‍ക്കില്ലെന്നും എഐസിസി വൃത്തങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ ഉറച്ച് നിര്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. പദവി ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യമുന്നയിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് തന്നെ രാഹുല്‍ അടുപ്പക്കാരോട് പറഞ്ഞതായാണ് വിവരം. കുടുംബ പാര്‍ട്ടി എന്ന വിമര്‍ശനം ശക്തമാകുമെന്നതിനാല്‍ പ്രിയങ്കയും അധ്യക്ഷസ്ഥാനത്തേക്ക് ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത നിലനില്‍ക്കുന്നത് . ഗാന്ധി കുടുംബത്തില്‍ നിന്നും ആരും ഇല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നതാണ് ജി 23 താല്‍പ്പര്യപ്പെടുന്നത്. ശശി തരൂര്‍ , മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളില്‍ മുന്നില്‍. എന്നാല്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തരൂര്‍ ഇനിയും നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല. രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കില്‍ വോട്ട് പൂര്‍ണമായും ഏകീകരിക്കപ്പെടുമെങ്കിലും ഗെലോട്ടിന്റെ കാര്യത്തില്‍ അതുണ്ടാകില്ലെന്നാണ് ജി 23 യുടെ പ്രതീക്ഷ. തരൂര്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണെന്ന് കോണ്‍ഗ്രസില്‍ നിന്ന രാജി വെച്ച ഗുലാം നബി ആസാദ് പറഞ്ഞു.