Sunday, April 28, 2024
keralaNews

24 മണിക്കൂറിനിടെ രാജ്യത്ത് 3,23,144 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,23,144 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,76,36,307 ആയി ഉയര്‍ന്നു.പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം രോഗമുക്തരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,827 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,45,56,209 ആയി ഉയര്‍ന്നു. നിലവില്‍ 28,82,204 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 1,97,894 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2771 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.രോഗബാധ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഊര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. വാക്സിനേഷനും വേഗത്തിലാക്കിയിട്ടുണ്ട്. വാക്സിനേഷന്‍ ആരംഭിച്ചതു മുതല്‍ കഴിഞ്ഞ ദിവസം വരെ 14,52,71,186 പേര്‍ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. രോഗബാധ നിയന്ത്രിക്കാന്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.