Friday, March 29, 2024
keralaNews

മദ്യം വീട്ടിലെത്തിക്കുന്ന സംവിധാനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തിക്കുന്ന സംവിധാനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍. ഇപ്പോള്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും അതെല്ലാം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി തീരുമാനിക്കേണ്ട കാര്യമാണെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ബെവ്ക്യു ആപ്പിന്റെ കാര്യത്തിലും തീരുമാനമെടുത്തിട്ടില്ല. ബെവ്‌കോ എംഡി യോഗേഷ് ഗുപ്തയുടെ ഇതു സംബന്ധിച്ച പ്രതികരണങ്ങളില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മറികടന്ന് എംഡി തീരുമാനമെടുക്കുന്നതിനെതിരെ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരാന്‍ 5 ദിവസം മാത്രം ശേഷിക്കേ, ഓണ്‍ലൈന്‍ മദ്യവിതരണത്തിന് അനുമതി നല്‍കാന്‍ സാധ്യതയില്ലെന്ന് എക്‌സൈസ് വകുപ്പും വ്യക്തമാക്കി. ഓണ്‍ലൈന്‍ മദ്യവിതരണത്തിന് ഒന്നര വര്‍ഷം മുന്‍പ് സര്‍ക്കാരിനു മുന്നില്‍ അപേക്ഷ എത്തിയിരുന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല. പിന്നീട് കോവിഡ് വ്യാപിച്ചതോടെ തിരക്കു കുറയ്ക്കാന്‍ ബെവ്ക്യു ആപ് ഏര്‍പ്പെടുത്തി.

ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്നു. നിയമപ്രകാരം കുപ്പികളില്‍ മദ്യം വില്‍ക്കാന്‍ ബവ്‌റിജസ് ഷോപ്പുകള്‍ക്കു മാത്രമേ അനുമതിയുള്ളൂ. തിരക്കു നിയന്ത്രിക്കാന്‍ ബാറുകളില്‍ കൗണ്ടറുകള്‍ സ്ഥാപിച്ചതോടെ അതിനും ഭേദഗതി വേണ്ടിവന്നു. ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യണമെങ്കില്‍ കേരള വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ റൂളിലും ഭേദഗതി വേണം. ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 3 ലീറ്ററാണ്.