Friday, May 17, 2024
keralaNews

ബേപ്പൂരില്‍ നിന്ന് പോയ ബോട്ട് കണ്ടെത്തിയെന്ന് നിയുക്ത എംഎല്‍എ മുഹമ്മദ് റിയാസ്; വിവരമൊന്നും ലഭിച്ചില്ലെന്ന് ബോട്ടുടമകളുടെ സംഘടന

ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായ സംഭവത്തില്‍ ആശയക്കുഴപ്പം. കാണാതായ ‘അജ്മീര്‍ ഷാ’ എന്ന ബോട്ട് കണ്ടെത്തിയെന്ന് നിയുക്ത ബേപ്പൂര്‍ എംഎല്‍എ മുഹമദ് റിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. കോസ്റ്റല്‍ ഐജി പി വിജയന്‍ ഇക്കാര്യം അറിയിച്ചെന്നാണ് മുഹമദ് റിയാസ് വ്യക്തമാക്കിയത്. എന്നാല്‍ ബോട്ടിനെക്കുറിച്ച് യാതൊരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് കേരള ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പ്രേമന്‍ കരിംചാലില്‍ പറയുന്നത്. ഈ മാസം അഞ്ചിനാണ് 15 തൊഴിലാളികളുമായി അജ്മീര്‍ ഷാ എന്ന ബോട്ട് ബേപ്പൂരില്‍ നിന്ന് പുറപ്പെട്ടത്.

കൂടെയുള്ള ബോട്ടുകളെല്ലാം ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നുള്ള ജാഗ്രതാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരത്തെത്തിയെങ്കിലും ‘അജ്മീര്‍ ഷാ’ എന്ന ബോട്ട് മാത്രം എത്തിയില്ല. ബോട്ടിലുള്ളവരുമായി ആശയവിനിമയം നടത്താനും കഴിഞ്ഞിരുന്നില്ല. ബോട്ട് മംഗലാപുരത്ത് കണ്ടെത്തിയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു. – രണ്ടാം പിണറായി സര്‍ക്കാര്‍: ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാര്‍

ബേപ്പൂരില്‍ നിന്ന് പത്തിന് പുറപ്പെട്ട മിലാദ് നമ്പര്‍ മൂന്ന് എന്ന ബോട്ട് ഗോവയില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ യന്ത്രത്തകരാറായി കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും ഇതുവരെയും തീരത്തെത്തിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. ഈ ബോട്ടിലും 15 തൊഴിലാളികളുണ്ട്. ഗോവയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ഈ ബോട്ട്. ഗിയര്‍ കേടായതാണ് മിലാദ് ബോട്ട് കുടുങ്ങാന്‍ കാരണമായത്. ഈ ബോട്ട് ഗോവന്‍ തീരത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ഇതിനിടെ ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 17 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.