Saturday, May 4, 2024
keralaNews

1.849 കിലോഗ്രാം ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി പിടിയില്‍.

പാലക്കാട്: വാളയാര്‍ എക്സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ 1.849 കിലോഗ്രാം ഹാഷിഷ് ഓയിലുമായി മലപ്പുറംസ്വദേശി പിടിയില്‍. മലപ്പുറം പൊന്നാനി ആലംകോട് കോക്കൂര്‍ പ്ലാക്കല്‍വീട്ടില്‍ വിഷ്ണുവാണ് (24) പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ ബെംഗളൂരുവില്‍നിന്നും എറണാകുളത്തേക്കുവന്ന ബസില്‍ പരിശോധന നടത്തിയപ്പോഴാണ് ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ ഹോട്ടലിലെ ജീവനക്കാരനാണ് വിഷ്ണു. തൃശ്ശൂരിലുള്ള സുഹൃത്തിന് നല്‍കാനായി ബെംഗളൂരുവില്‍നിന്ന് ഹാഷിഷ് ഓയില്‍ വാങ്ങി വരികയായിരുന്നെന്ന് വിഷ്ണു മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് വിപണിയില്‍ രണ്ടുകോടിരൂപ വിലവരും.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്‍സ്പെക്ടര്‍ എന്‍. രാജേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ മേഘനാഥ്, എ.ആര്‍. രാജേന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിജയകുമാരന്‍, സജീവ്, ശ്രീധര്‍ എന്നിവര്‍ പങ്കെടുത്തു.