Sunday, May 12, 2024
indiaNewspolitics

പഞ്ചാബില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ചണ്ഡീഗഡ്: പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും, മുതിര്‍ന്ന നേതാവുമായ സുനില്‍ ജഖാര്‍ രാജിവെച്ചു.കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അതൃപ്തിയെ തുടര്‍ന്നാണ് രാജി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേതൃത്വവും ജഖാറും തമ്മിലുള്ള കലഹം തുടരുകയായിരുന്നു. ഇതിന് പിന്നാലെ രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തെ രണ്ട് വര്‍ഷക്കാലത്തേക്ക് പാര്‍ട്ടി ചുമതലകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഫേസ്ബുക്കിലൂടെ താന്‍ രാജിവയ്ക്കുന്നതായി അദ്ദേഹം അറിയിച്ചത്. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ രാജിയ്ക്ക് പിന്നാലെയാണ് ജഖാറും നേതൃത്വവും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചത്.

കോണ്‍ഗ്രസിലെ ഒരു നേതാവിന്റെ മാത്രം അഭിപ്രായം മാനിച്ചാണ് മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിച്ചതെന്ന് ആരോപിച്ച് അദ്ദേഹം രംഗത്തു വന്നിരുന്നു.               

ഇതിന് പിന്നാലെ ജഖാറിനെതിരെ അച്ചടക്ക സമിതി അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് ജഖാര്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി അച്ചടക്ക സമിതി റിപ്പോര്‍ട്ട് നല്‍കി.

ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.പഞ്ചാബ് കോണ്‍ഗ്രസിലെ പ്രബലനായ നേതാക്കളില്‍ ഒരാളാണ് ജഖാര്‍. അദ്ദേഹത്തിന്റെ രാജി പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.