Saturday, May 4, 2024
keralaNews

ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെസിബിസി; എതിര്‍പ്പുമായി മുസ്ലീം സംഘടനകള്‍

ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെസിബിസി. ഏറെ നാളായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് കെസിബിസി വ്യക്തമാക്കി. ജനസംഖ്യാനുപാതമായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കണമെന്നത് ക്രൈസ്തവ സഭകളുടെ ഏറെ നാളായുള്ള ആവശ്യമാണെന്ന് കെസിബിസി വക്താവ് ഫാ ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു. അതേസമയം വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിവിധ മുസ്ലീം സംഘടനകളും രംഗത്തെത്തി. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു. മുസ്ലീങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവും തൊഴില്‍പരവുമായ ഉന്നതിയാണ് ഈ ക്ഷേമപദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹൈക്കോടതിയുടെ വിധി മുസ്ലിം സമുദായത്തോടുള്ള അനീതിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് പറഞ്ഞു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലം മനസിലാക്കാതെയുള്ളതാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണം. ഈ ആനൂകൂല്യം നൂറ് ശതമാനവും മുസ്ലീം സമുദായത്തിന് അവകാശപ്പെട്ടതാണ്. പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികള്‍ വീതം വെക്കണമെന്ന വിധി അംഗീകരിക്കാനാകില്ല. ഓരോ ന്യൂനപക്ഷ വിഭാഗങ്ങളുടേയും പിന്നാക്കാവസ്ഥ പഠിച്ച് ആവശ്യമെങ്കില്‍ അതാത് വിഭാഗങ്ങള്‍ക്കാവശ്യമായ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതാണ് ശരിയായ നിലപാടെന്നും അബ്ദുള്‍ അസീസ് പറഞ്ഞു.