Friday, May 3, 2024
keralaLocal NewsNews

സ്‌ക്വാഡ് പരിശോധന; കൊല്ലത്ത് 19 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 19 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയിലെ ചടയമംഗലം, ചിതറ, ഇളമാട്, കരീപ്ര, ഇട്ടിവ, കുളക്കട, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, നിലമേല്‍, പൂയപ്പള്ളി, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ക്ക് പിഴ ഈടാക്കുകയും 170 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു. കൊല്ലത്തെ ചാത്തന്നൂര്‍, പൂതക്കുളം, കല്ലുവാതുക്കല്‍, പനയം, കൊല്ലം കോര്‍പ്പറേഷന്‍, ഇളമ്പള്ളൂര്‍, പേരയം, പെരിനാട്, പരവൂര്‍ എന്നിവിടങ്ങളില് സെക്ടറല് മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില് നടത്തിയ പരിശോധനയില് ആറു കേസുകളില് പിഴയീടാക്കി. 17 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 46 കേസുകള്‍ക്ക് താക്കീത് നല്‍കുകയും രണ്ടു കേസുകള്‍ക്ക് പിഴ ഈടാക്കി. പത്തനാപുരത്തെ പിടവൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 കേസുകള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബിജു നേതൃത്വം നല്‍കി. ആലപ്പാട്, ക്ലാപ്പന, ചവറ, കെ.എസ്.പുരം, നീണ്ടകര, ഓച്ചിറ, പന്മന, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂര്‍ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 56 കേസുകള്‍ക്ക് താക്കീത് നല്‍കി. പുനലൂരിലെ കരവാളൂര്‍, ആയിരനല്ലൂര്‍, ഏരൂര്‍, തിങ്കള്‍കരിക്കകം, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 15 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.