Tuesday, May 14, 2024
keralaLocal NewsNews

ഇറച്ചിവെട്ടിയ ശേഷം കൈതുടയ്ക്കാന്‍ കോഴിക്കടയില്‍ ദേശീയ പതാക കെട്ടിത്തൂക്കി ഇറച്ചിക്കടയുടമ

തിരുവനന്തപുരം : ഇറച്ചിവെട്ടിയ ശേഷം കൈതുടയ്ക്കാന്‍ കോഴിക്കടയില്‍ ദേശീയ പതാക കെട്ടിത്തൂക്കി ഇറച്ചിക്കടയുടമ. കാട്ടാക്കടയിലെ കിള്ളി ബര്‍മ റോഡിലെ ഹലാല്‍ ചിക്കന്‍ ആന്‍ഡ് മട്ടന്‍ സ്റ്റാളിലാണ് കൈ തുടയ്ക്കാനായി ത്രിവര്‍ണ പതാക കെട്ടിത്തൂക്കിയിരിക്കുന്നത്. സംഭവത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ കടയില്‍ ഇറച്ചിവെട്ടുന്ന സ്ഥലത്ത് പതാക കെട്ടിത്തൂക്കിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികളില്‍ ചിലര്‍ ഇത് ഫോണില്‍ പകര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസുകാര്‍ കടയില്‍ എത്തിയത്. ഇതിനിടെ പോലീസ് വരുമെന്ന് അറിഞ്ഞ കടയുടമ പതാക അഴിച്ചുമാറ്റിയിരുന്നു.

പോലീസ് എത്തി നോക്കിയപ്പോള്‍ പരാതിയില്‍ പറയുന്ന പ്രകാരം ദേശീയ പതാക കണ്ടില്ല. തുടര്‍ന്ന് തിരികെ പോകുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ പരാതിക്കാര്‍ പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാനോ, ചോദ്യം ചെയ്യാനോ ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ലെന്നുമാണ് ആരോപണം. പതാക അഴിച്ചുമാറ്റാന്‍ ഇറച്ചിക്കടക്കാരന് വിവരം നല്‍കിയത് പോലീസിലെ ചില ഉദ്യോഗസ്ഥരാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പോലീസിന് മാത്രമാണ് ദൃശ്യങ്ങള്‍ കൈമാറിയതെന്ന് പൊതുപ്രവര്‍ത്തകന്‍ കാട്ടാക്കട രജി പറഞ്ഞു. എന്നാല്‍ പോലീസ് എത്തുന്നതിന് മുന്‍പേ ചിലര്‍ കടയുടമയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്നാണ് പതാക അഴിച്ചതെന്നും അദ്ദേഹം ആരോപിച്ചു.