Sunday, April 28, 2024
keralaNews

സ്‌കൂളിന്റെ ഇ- മെയില്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം

സ്‌കൂളിന്റെ ഇ-മെയില്‍ വിലാസം ഹാക്ക് ചെയ്തു പ്രിന്‍സിപ്പലിന്റെ പേരില്‍ ചികിത്സാസഹായം ആവശ്യപ്പെട്ടു പണം തട്ടിപ്പിനു ശ്രമം. മാന്നാനം കെഇ ഇംഗ്ലിഷ് മീഡിയം സ്‌കൂളിന്റെ [email protected] എന്ന മെയില്‍ ഹാക്ക് ചെയ്ത സംഘം [email protected] എന്ന വ്യാജവിലാസം ഉണ്ടാക്കിയാണ് സന്ദേശങ്ങള്‍ അയച്ചത്. സ്‌കൂളിലെ തന്നെ ഒരു വിദ്യാര്‍ഥിക്കു ഹൃദയസംബന്ധമായ അസുഖമാണെന്നും ശസ്ത്രക്രിയയ്ക്കായി ഒരു ലക്ഷം രൂപ ആവശ്യമുണ്ടെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ പേരിലുള്ള വ്യാജ സന്ദേശം.പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശ്ശേരി ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയ്ക്കും സൈബര്‍ സെല്ലിലും പരാതി നല്‍കി. പൊലീസിന്റെ നിര്‍ദേശം അനുസരിച്ച്, പണം തരാന്‍ തയാറാണെന്നു സൂചിപ്പിച്ച് പ്രതികരിച്ചവര്‍ക്കു യൂണിയന്‍ ബാങ്കിന്റെ ഉത്തരാഖണ്ഡ് കാശിപുര്‍ ശാഖയിലെ ഒരു അക്കൗണ്ടിലേക്കു പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള മറുപടിയാണ് ലഭിച്ചത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നൈജീരിയ, ഉത്തരേന്ത്യ എന്നിവിടങ്ങളിലുള്ള സംഘങ്ങള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ഇതിനു പിന്നിലെന്ന സൂചന പൊലീസിനു ലഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ 40,000 രൂപയോളം ഈ അക്കൗണ്ടില്‍ എത്തിയതായും പൊലീസ് കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജസന്ദേശം വായിച്ച് ആരും പണം അയയ്ക്കരുതെന്നും എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 8281725386 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശ്ശേരി അറിയിച്ചു.