Sunday, May 12, 2024
keralaNewsObituary

വൈഗയെ കൊണ്ടുപോയത് തോളില്‍ കിടത്തി ബെഡ്ഷീറ്റ് പുതപ്പിച്ച്;

മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ സനു മോഹന്‍ എവിടെ? ഒരാഴ്ച കഴിഞ്ഞിട്ടും സനു മോഹനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സനുവിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു പുണെയില്‍ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്.

സനുവിന്റെ കാര്‍ കേരള അതിര്‍ത്തി കടന്നതായി വിവരമുണ്ടെങ്കിലും ഓടിച്ചതു സനുവാണോയെന്നു വ്യക്തമായിട്ടില്ല. സനു കേരളം വിട്ടിട്ടില്ലെന്ന സൂചനയും അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നു. കാര്‍ കോയമ്പത്തൂര്‍ സുഗുണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരെ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തിയെങ്കിലും സനുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാര്‍ ഓടിച്ചതാരാണെന്നു ദൃശ്യങ്ങളില്‍ വ്യക്തമല്ലതാനും. പണം കിട്ടാനുള്ള ആരെങ്കിലും കാര്‍ തട്ടിയെടുത്തതാകാന്‍ സാധ്യതയുണ്ടെന്നാണു പൊലീസിന്റെ വിലയിരുത്തല്‍.കഴിഞ്ഞ 21നാണു വൈഗയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനു ശേഷം സനുവിനെ ആരും കണ്ടിട്ടില്ല. 20നു ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കിയ ശേഷമാണു വൈഗയുമൊത്തു സനു കങ്ങരപ്പടിയിലേക്കു മടങ്ങിയത്. അന്നു രാത്രി സനുവും വൈഗയും കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ നിന്നു കാറില്‍ പോയെന്നാണു പൊലീസിനു ലഭിച്ച വിവരം. പിറ്റേന്നു വൈഗയുടെ മൃതദേഹം കണ്ടെത്തി. മകള്‍ക്കൊപ്പം ജീവനൊടുക്കിയിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ 2 ദിവസം പുഴയില്‍ തിരച്ചില്‍ നടത്തി. കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണു സനു കടന്നു കളഞ്ഞിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്.

ദേശീയപാതയിലെയും ടോള്‍ ബൂത്തിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു അന്വേഷണം തമിഴ്‌നാടു വരെ നീണ്ടത്. സനുവിന്റെ സാമ്പത്തിക ഇടപാടുകളും കേസുകളും സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതോടെ അന്വേഷണ ദിശ മാറി. തൃക്കാക്കര പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂര്‍, ചെന്നൈ, പുണെ എന്നിവിടങ്ങളില്‍ നേരിട്ട് അന്വേഷണം നടത്തും. ഇതിനിടെ തിരുവനന്തപുരം പൂവാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നു ബന്ധുക്കള്‍ അവിടെയെത്തിയെങ്കിലും സനുവിന്റേതല്ലെന്നു വ്യക്തമായി.