Friday, May 10, 2024
indiaNewsSports

കോടികളൊഴുക്കിയുളള താരലേലത്തിന് ബെംഗളൂരു ഒരുങ്ങി

ബെംഗളൂരു: കോടികളൊഴുക്കിയുളള ക്രിക്കറ്റ് താരലേലത്തിന് ബെംഗളൂരു ഒരുങ്ങി.കണ്ണും കാതും കൂര്‍പ്പിക്കുന്ന ഐപിഎല്‍ താരലേലത്തിന് രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലാണ് ലേലം. ഇന്ന് ഉച്ചയ്ക്ക് 12ന് ലേലം തുടങ്ങും. അവസാന മെഗാതാരലേലം എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ക്രിക്കറ്റ് ലോകത്തിന്റെ ആകെ ശ്രദ്ധ ബെംഗളൂരുവിലേക്ക് ചുരുങ്ങുന്നത്.

ആദ്യദിനം 161 കളിക്കാര്‍ ഫ്രാഞ്ചൈസികള്‍ക്ക് മുന്നിലെത്തും. ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പാറ്റ് കമ്മിന്‍സ്, ക്വിന്റണ്‍ ഡി കോക്ക്, ശിഖര്‍ ധവാന്‍, ഫാഫ് ഡുപ്ലെസി, ശ്രേയസ് അയ്യര്‍, കാഗിസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാര്‍ണര്‍ എന്നീ മാര്‍ക്വീ താരങ്ങളുടെ ലേലം ആണ് ആദ്യം നടക്കുക. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍, പേസര്‍മാരായ ദീപക് ചാഹര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നീ ഇന്ത്യന്‍ താരങ്ങള്‍ക്കായി വാശിയേറിയ ലേലം ഉറപ്പാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയിട്ടില്ലെങ്കിലും ഷാരൂഖ് ഖാന്‍, ആവേശ് ഖാന്‍ എന്നിവര്‍ക്കും കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടയില്‍ തിളങ്ങിയ ഹര്‍ഷല്‍ പട്ടേലിനായും മിക്ക ടീമുകളും രംഗത്തെത്തും. വിഷ്ണു വിനോദ്, കെ എം ആസിഫ്, റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസ്ഹറുദ്ദീന്‍, ബേസില്‍ തമ്പി, സച്ചിന്‍ ബേബി എന്നീ കേരള താരങ്ങളുടെ ലേലവും ആദ്യ ദിനം പ്രതീക്ഷിക്കുന്നുണ്ട്. ശ്രീശാന്തിന്റെ പേര് രണ്ടാം ദിനം പരിഗണിക്കപ്പെട്ടേക്കും. പഞ്ചാബ് കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ നായകനെ പ്രഖ്യാപിക്കാതെയാണ് താരലേലത്തിനെത്തുക.

10 ഫ്രാഞ്ചൈസികളുടെ തീപാറും ലേലംവിളിയാണ് രണ്ട് ദിനങ്ങളിലായി ബെംഗളൂരുവില്‍ നടക്കുക. ഫെബ്രുവരി 12ന് ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12 മണിക്ക് ലേലം ആരംഭിക്കും. 11 മണിമുതല്‍ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സിലൂടെ താരലേലത്തിന്റെ ഓരോ കരുനീക്കങ്ങളും ആരാധകര്‍ക്ക് നേരില്‍ വീക്ഷിക്കാം. ഡിസ്നി ഹോട്സ്റ്റാറില്‍ ലൈവ് സ്ട്രീമിംഗുമുണ്ട്.