Monday, May 6, 2024
keralaNews

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന സരിത എസ് നായരുടെ ആവശ്യം കോടതി തള്ളി

കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ആവശ്യം തള്ളി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. തന്നെക്കുറിച്ചും രഹസ്യമൊഴിയില്‍ സ്വപ്ന പറയുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ മൊഴിപ്പകര്‍പ്പ് മൂന്നാം കക്ഷിക്ക് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ അന്വേഷണം തുടരുകയാണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സരിത എസ് നായര്‍ വ്യക്തമാക്കുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ ഗൂഡാലോചനാ കേസില്‍ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ പറയാന്‍ പിസി ജോര്‍ജ്ജ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സരിതാ എസ് നായര്‍ മൊഴി നല്‍കിയിരുന്നു. സ്വപ്നയും പിസി ജോര്‍ജ്ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നും സരിത ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.കെടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്‍ര് പൊലീസ് എടുത്ത കേസിലാണ് സരിതയുടെ മൊഴിയെടുത്തത്. പിസി ജോര്‍ജ് തന്നെ പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് സരിത പറയുന്നത്. സ്വപ്നയെ ജയിലില്‍ വെച്ച് പരിചയമുണ്ട്. എന്നാല്‍ സ്വപ്നയുടെ കയ്യില്‍ തെളിവുകളില്ലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിതയുടെ മൊഴി.

മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യില്‍ ഉണ്ടെന്ന് പറയാന്‍ ജോര്‍ജ് ആവശ്യപ്പെടെന്നാണ് സരിത നല്‍കിയ മൊഴി. ജോര്‍ജ്ജും സ്വപ്നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയെന്നും സരിത പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വെച്ചും ഈരാറ്റുപേട്ടയിലെ ജോര്‍ജ്ജിന്റെ വീട്ടില്‍ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി. ജോര്‍ജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും സംഘത്തിന് സരിത കൈമാറിയിരുന്നു. അന്വേഷണ സംഘത്തിലെ എസ് പി മധുസൂദനനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. സരിതയെ സാക്ഷിയാക്കി ഗൂഡാലോചന കേസിലെ അന്വേഷണം വ്യാപകമാക്കാനാണ് നീക്കം. കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജിയെ സരിതയുടെ മൊഴി വെച്ച് കോടതിയില്‍ അടക്കം നേരിടാനാണ് ശ്രമം.