Wednesday, May 15, 2024
indiaNewsUncategorized

അഗ്‌നിവീരന്‍മാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അഗ്‌നിവീരന്‍മാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ മന്ത്രാലയത്തില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.

പ്രതിരോധ മേഖലയിലെ 16 സ്ഥാപനങ്ങളിലും സംവരാണാനുകൂല്യം ലഭിക്കും. കേന്ദ്ര സായുധ പോലീസ് സേനയിലും അസം റൈഫിളിലും പത്തു ശതമാനം സീറ്റുകള്‍ മാറ്റിവെച്ചതായി നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.                                                                   

ഇന്ത്യന്‍ തീരദേശ സേന, ഡിഫന്‍സ് സിവിലിയന്‍ തസ്തികകള്‍, 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലാണ് അഗ്‌നിവീരന്‍മാര്‍ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുക. വിമുക്തഭടന്മാര്‍ക്ക് നിലവിലുള്ള സംവരണത്തിന് പുറമെയാണ് ഈ സംവരണം.

പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സമാനമായ ഭേദഗതികള്‍ വരുത്താനും പ്രതിരോധ മന്ത്രാലയം നിര്‍ദേശിക്കും.

സംവരണം നടപ്പിലാക്കുന്നതിന് നിലവിലുള്ള നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും പ്രായപരിധിയില്‍ ആവശ്യമായ ഇളവുകള്‍ ഏര്‍പ്പെടുത്തുമെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

കര, വ്യോമ, നാവിക സേനാ മേധാവികളുമായി പ്രതിരോധമന്ത്രി നടത്തിയ അടിയന്തിര കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി തുടങ്ങിയവര്‍ പ്രതിരോധ മന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.

രാജ്യത്തെ വിവിധ മേഖലകളില്‍ അഗ്നിപഥിന്റെ പേരില്‍ ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളും കലാപവും ഏറെ ഗൗരവത്തോടെ പ്രതിരോധ ആഭ്യന്തര വകുപ്പുകള്‍ കാണുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മൂന്ന് സേനാവിഭാഗങ്ങളുടെ വിവിധ തലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാസങ്ങളായി നടത്തിയ വിശകലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് അഗ്‌നിപഥ് പദ്ധതിയുടെ തീരുമാനമുണ്ടായത്. ഈ പദ്ധതി ദീര്‍ഘകാല ലക്ഷ്യത്തോടെയാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.