Tuesday, May 14, 2024
keralaNews

കേരളത്തില്‍ ആറ് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല: നിയന്ത്രണം കര്‍ശനമാക്കി

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കി ആരോഗ്യ വകുപ്പ്. ടിപിആര്‍ കൂടുതലുള്ള ആറ് ജില്ലകളില്‍ രോഗവ്യാപനം കുറയുന്നതിനായാണ് നിയന്ത്രണം കടുപ്പിച്ചത്. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും വീടുകളില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചു.തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് നിയന്ത്രണം. വടക്കന്‍ കേരളത്തിലെ ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം. കേരളത്തില്‍ സ്ഥിതി സങ്കീര്‍ണമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി.ടിപിആര്‍ കൂടിയ ജില്ലകളെല്ലാം ടെസ്റ്റിംഗ് ടാര്‍ജറ്റ് കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗ വ്യാപന സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ പരമാവധി കൂട്ടണം. ക്വാറന്റൈനും കോണ്ടാക്ട് ട്രെയ്സിംഗും ശക്തമാക്കണം. പരിശോധന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തണം. അനുബന്ധ രോഗമുള്ളവരെ കൊറോണ ആശുപത്രികളില്‍ പ്രവേശിപ്പിക്കണം. ഇതോടൊപ്പം അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.