Monday, April 29, 2024
keralaNewspolitics

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യം :കോടിയേരി ബാലകൃഷ്ണന്‍.

സ്വപ്നയുടെ  ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോഴത്തെ വിവാദങ്ങള്‍ സംസ്ഥാനത്തു രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാനാണ്. കേരളത്തില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമം. രഹസ്യരേഖയിലെ വിവരങ്ങള്‍ സ്വപ്ന തന്നെ വെളിപ്പെടുത്തുന്നു.മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ പ്രചാരണമാണ് ലക്ഷ്യം. സ്വപ്നയുടെ മൊഴിയില്‍ നിറയെ വൈരുധ്യങ്ങളാണ്. നേരത്തെ നല്‍കിയ മൊഴികളില്‍ നിന്ന് വ്യത്യസ്തമാണെല്ലാം. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ഒരു ബന്ധവും ഇല്ല എന്നു പറഞ്ഞത് മാറ്റി. മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ നേരത്തെ തന്നെ ആരോപണം വന്നതാണ്. അതെല്ലാം ഒന്നര വര്‍ഷം അന്വേഷിച്ചു. ഇത് വീണ്ടും കുത്തിപ്പൊക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ഉദേശമാണ്.സ്വപ്നയുടെ ഇപ്പോഴത്തെ മൊഴി എത്രത്തോളം വിശ്വസനീയമെന് കോടതി തീരുമാനിക്കേണ്ടതാണ്. ബിരിയാണിയും ചെമ്പുമാണ് പുതുതായി വന്ന കാര്യം. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന സംഘടിത ആക്രമണമാണിത്. പിന്നിലെ ഗൂഢാലോചന സര്‍ക്കാര്‍ കണ്ടെത്തണം. ഫലപ്രദമായ അന്വേഷണ സംവിധാനം സര്‍ക്കാരുണ്ടാക്കണം. ഇത്തരം കാര്യങ്ങളില്‍ നോക്കി നില്‍ക്കാന്‍ പാടില്ല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കലാപത്തിന് ഗൂഢശ്രമം നടക്കുന്നെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.