Tuesday, May 14, 2024
HealthkeralaNews

സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ കേരള സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിന് കാത്തു നില്‍ക്കാതെ സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ കേരള സര്‍ക്കാര്‍. ഇതിനായുള്ള തുടര്‍ നടപടികള്‍ ഈ ആഴ്ച തന്നെ ആരംഭിക്കും. സംസ്ഥാനത്ത് നിലവില്‍ മൂന്നര ലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. മെയ് ആദ്യം മുതല്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം തുടങ്ങും.

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 1.9 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വാക്‌സിനേഷന്‍ നടത്തിയത്. പ്രതിദിനം ഒരു ലക്ഷം വാക്‌സിന്‍ വീതം നല്‍കിയാല്‍ പരമാവധി മൂന്ന് ദിവസം കൊണ്ട് സ്റ്റോക്ക് തീരും. അതിന് ശേഷം എന്ത് എന്ന ചോദ്യം സര്‍ക്കാരിന് മുന്നിലുണ്ട്. പല ജില്ലകളിലേയും ക്യാമ്പുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

ഈ ഘട്ടത്തിലാണ് കമ്പനികളോട് നേരിട്ട് വാക്‌സിന്‍ വാങ്ങാം എന്ന നിലപാടിലേക്ക് സര്‍ക്കാരെത്തിയത്. ഇത്തരത്തില്‍ വാക്‌സിന്‍ വാങ്ങുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു.

28-ാം തിയതി മുതല്‍ 18 വയസിന് മുകളില്‍ ഉള്ളവരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. മെയ് ഒന്നുമുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കണം. എന്നാല്‍ വാക്‌സിന്‍ ക്ഷാമത്തെ എങ്ങനെ മറികടക്കുമെന്ന ആശങ്ക സര്‍ക്കാരിന്റെ മുന്നിലുണ്ട്. വാക്‌സിന്‍ വിതരണം സ്വകാര്യ മേഖല വഴിയായിരിക്കുമെന്ന് കേന്ദ്രം ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തിരുത്തി.