Wednesday, May 8, 2024
keralaNews

സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു.

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. പതിനൊന്നു ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 14 മരണങ്ങള്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മുതല്‍ ഗണ്യമായി മഴ കുറയാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതി തീവ്രമഴയുടെ പിടില്‍നിന്ന് കേരളം കരകയറുന്നു. കോട്ടയം, എറണാകുളം ഇടുക്കി എന്നീ മൂന്നുജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം കസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. പരക്കെ മഴ കിട്ടുന്നുണ്ടെങ്കിലും കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ട അതിശക്തമായ മഴ മിക്കജില്ലകളിലും കുറഞ്ഞു വരികയാണ്. പക്ഷെ മഴകെടുതികള്‍ തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ 14മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 31 മുതലുള്ള കണക്കാണിത്. മലയോരമേഖലയില്‍ അതിജാഗ്രത തുടരുന്നുണ്ട്. മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍കണ്ടാണ് ജാഗ്രത പാലിക്കുന്നത്. തീരദേശത്തും ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടരുന്നു. മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാണ്.

തീരപ്രദേശത്തുതാമസിക്കുന്നവരും ശ്രദ്ധിക്കണം. 166 ദുരിതാശ്വാസ ക്യാമ്പുകളിലായി 4639 പേരെ മാറ്റിതാമസിപ്പിച്ചു. തൃശൂരിലാണ് ഏറ്റവും കൂടുതല്‍പേരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവന്നത്. 36 ക്യാമ്പുകളിലായി 1299 പേരാണ് ഉള്ളത്. ആറ് ജലസംഭരണികളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പൊന്‍മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കണ്ടള ഡാമുകളിലാണ് റെഡ് അലര്‍ട്ടുള്ളത്. പെരിങ്ങല്‍കുത്തില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 2375.53 അടിയിലേക്ക് ഉയര്‍ന്നതിനാല്‍ ഇടുക്കിയില്‍ ബ്്‌ളൂ അലര്‍ട്ട് നല്‍കി. നാളെ തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഓറഢ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.