Saturday, May 4, 2024
keralaNews

മുഖ്യമന്ത്രി കോട്ടയത്ത് :നഗരത്തില്‍ കടുത്ത ഗതാഗതനിയന്ത്രണം.

കോട്ടയം :മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി.മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതിനോട് അനുബന്ധിച്ച് കോട്ടയം നഗരത്തില്‍ കടുത്ത ഗതാഗതനിയന്ത്രണം. നഗരത്തിനുള്ളിലെ പല റോഡുകളും പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. വാഹനങ്ങള്‍ കെ.കെ.റോഡില്‍ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തടഞ്ഞു. ഇതിനെത്തുടര്‍ന്ന് യാത്രക്കാരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി.കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഒഎ) സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്നത്‌.

പ്രതിഷേധ സമരങ്ങള്‍ ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടകം ഗസ്റ്റ് ഹൌസിന് മുന്നില്‍ നിന്ന് മാധ്യമങ്ങളെ മാറ്റി. അര കിലോ മീറ്റര്‍ അകലെ നിന്നുമാത്രം ദൃശ്യങ്ങളെടുക്കാനാണ് അനുമതിയുള്ളത്. വേദിയിലേക്കുള്ള വഴി പൊലീസ് അടച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയും ഇന്റലിജന്‍സ് വിഭാഗം മുന്നോട്ടുവച്ചു. ബോംബ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.