Friday, May 3, 2024
keralaNews

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പേട്ടയിലെ ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സഹോദരന്റെ പേട്ടയിലെ ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന. സ്പീക്കറുടെ വിദേശത്തുള്ള സഹോദരന്റെ ഫ്‌ലാറ്റില്‍ വച്ച് ഡോളര്‍ കൈമാറിയെന്നായിരുന്നു സ്വപന കസ്റ്റംസിന് നല്‍കിയ മൊഴി. ഈ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ചോദ്യം ചെയ്തത്.

തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ച് ഇന്നലെയാണ് സ്പീക്കറെ അതീവരഹസ്യമായി കൊച്ചിയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തത്. കസ്റ്റസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നുവെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്യല്‍ നീണ്ടതായാണ് വിവരം.രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും ശ്രീരാമകൃഷ്ണന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമന്‍സ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമന്‍സ് നല്‍കിയത്. എന്നാല്‍, സുഖമില്ലെന്നും പിന്നീട് ഹാജരാകാമെന്നും കാട്ടി സ്പീക്കര്‍ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നല്‍കുകയായിരുന്നു.