Tuesday, May 14, 2024
keralaNews

ന്യൂനമര്‍ദം : മാര്‍ച്ച് അഞ്ചുമുതല്‍ ഏഴു വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: ന്യൂനമര്‍ദം രൂപപ്പെട്ടു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. മാര്‍ച്ച് അഞ്ചുമുതല്‍ ഏഴു വരേ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ടായിരുന്നു.ബുധന്‍, വ്യാഴം ദിവസങ്ങളിലാകും കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത.

മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ട്. മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ട്. ന്യൂനമര്‍ദം ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യൂനമര്‍ദ്ദ സ്വാധീന ഫലമായി തെക്കന്‍ തമിഴ്‌നാട് തീരദേശ മേഖലയില്‍ മാര്‍ച്ച് 2,3 തീയതികളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്.എന്നാല്‍ കേരള -കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

എന്താണ് ചക്രവാതച്ചുഴി?

സെക്ലോണിക് സര്‍കുലേഷന്‍ എന്നതിന്റെ മലയാളമാണ് ചക്രവാതച്ചുഴി. സൈക്ലോണ്‍ അഥവാ ചക്രവാതം എന്നാല്‍ ചുഴലിക്കാറ്റ് ആണെങ്കിലും ചക്രവാതച്ചുഴി അത്ര ഭീകരനല്ല. ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യപടിയാണ് ചക്രവാതച്ചുഴി. ന്യൂനമര്‍ദം രൂപപ്പെടുന്നതിന് മുമ്പുള്ള കാറ്റിന്റെ ശക്തി കുറഞ്ഞ കറക്കത്തെയാണ് ചക്രവാതച്ചുഴിയെന്ന് പറയുന്നത്. അന്തരീക്ഷത്തിലെ മര്‍ദ വ്യതിയാനം കാരണം വിവിധ ദിശയില്‍ സഞ്ചരിക്കുന്ന കാറ്റ് ചക്രം പോലെ കറങ്ങും.

ചക്രവാതച്ചുഴിയില്‍ കാറ്റിന്റെ കറക്കം ഘടികാരദിശയിലും എതിര്‍ഘടികാരദിശയിലും ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാര്‍ധ ഗോളത്തില്‍ ഇത് ഘടികാര ദിശയിലും ഉത്തരാര്‍ധത്തില്‍ ഇത് എതിര്‍ഘടികാാരദിശയിലും ആയിരിക്കും. ഭൂമി കറങ്ങുന്നതുമൂലമുണ്ടാകുന്ന കൊറിയോലിസ് ബലം കാരണമാണ് അര്‍ധഗോളങ്ങളില്‍ വിപരീത ദിശകളില്‍ ചക്രവാതച്ചുഴി രൂപപ്പെടുന്നത്.

ശക്തി കുറഞ്ഞ കാറ്റിന്റെ ഈ കറക്കമാണ് ശക്തി പ്രാപിച്ച് പിന്നീട് ന്യൂനമര്‍ദ്ദമായി രൂപപ്പെടുന്നത്. എന്നാല്‍ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമര്‍ദമാകണമെന്നില്ല. ന്യൂനമര്‍ദം ശക്തി കൂടിയാല്‍ തീവ്രന്യൂനമര്‍ദവുമാകും (ഡിപ്രഷന്‍). തീവ്ര ന്യൂനമര്‍ദം ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമര്‍ദമാകും (ഡീപ് ഡിപ്രഷന്‍). ഇത് വീണ്ടും ശക്തിപ്പെട്ടാല്‍ മാത്രമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. അതുപോലെ എല്ലാ ചക്രവാതച്ചുഴിയും മഴ നല്‍കണമെന്നില്ല. കാറ്റ് കറങ്ങുന്നതിന്റെ ശക്തി, ചക്രവാതച്ചുഴി രൂപപ്പെടുന്ന മേഖല, വ്യാപ്തി, മേഘം രൂപപ്പെടാനുള്ള സാധ്യത തുടങ്ങിയവയെ അനുസരിച്ചാണ് മഴ പെയ്യാനുള്ള സാധ്യത.