Monday, April 29, 2024
keralaNewspolitics

സൈനികരുടെ വീരമൃത്യുവിനെയും വ്യോമസേന ആക്രമണത്തെയും കോണ്‍ഗ്രസ് അധിക്ഷേപിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വിവാദ പ്രസ്താവന നടത്തിയ പത്തനംതിട്ട എംപി ആന്റോ ആന്റണി എം.പിക്കെിരെ രൂക്ഷവിമര്‍ശനമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. സൈനികരുടെ വീരമൃത്യുവിനെ അധിക്ഷേപിക്കുന്നു. ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ ആക്രമണം നടത്തിയപ്പോള്‍ ഇതേ ആള്‍ക്കാര്‍ തന്നെ വ്യോമസേനയെ പരിഹസിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്നായിരുന്നു ആന്റോ ആന്റണിയുടെ വാദം.

സ്‌ഫോടനം നടന്നത് ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലാണ്. അന്ന് 42 ജവാന്‍മാരെ ഹെലികോപ്റ്ററില്‍ എത്തിച്ചില്ല, പകരം റോഡ് മാര്‍ഗമാണ് കൊണ്ടുപോയത്. സ്‌ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണ്. ഇതെല്ലാം സത്യപാല്‍ മാലിക് പറഞ്ഞെന്നുമായിരുന്നു ആന്റോ ആന്റണിയുടെ വാദങ്ങള്‍. എന്നാല്‍ ജനശ്രദ്ധ ലഭിക്കാന്‍ വേണ്ടി വികാരപരമായ കാര്യങ്ങള്‍ പറയുകയാണ് ചെയ്യുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 2019 തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസും ഇവരുടെ പുതിയ സുഹൃത്ത് അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും ഇതേ കാര്യം പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന്റെ വാക്കുകള്‍ ജനങ്ങള്‍ തള്ളിക്കളയണം.അവര്‍ക്ക് നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും യുവാക്കളുടെ ഭാവിയെക്കുറിച്ചും ഒന്നും അറിയില്ല. ഇത് ആന്റോ ആന്റണിയുടെ മാത്രം അഭിപ്രായമല്ല, കോണ്‍ഗ്രസ് പ്രത്യയ ശാസ്ത്രത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ആന്റോ ആന്റണിക്കോ രാഹുലിനോ ആരെങ്കിലും ശ്രദ്ധ നല്‍കുമെന്ന് കരുതുന്നില്ല. അവര്‍ക്കൊന്നും രാജ്യത്തിന് എന്താണ് വേണ്ടതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.