Thursday, May 2, 2024
Newspolitics

സുകുമാരക്കുറുപ്പ് പോയിട്ട് എത്ര കാലമായി കിട്ടിയോ; പടക്കമേറില്‍ പോലീസിനെ ന്യായീകരിച്ച് ഇപി ജയരാജന്‍

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന പടക്കമേറില്‍ ഇതുവരെ പ്രതിയെ കണ്ടെത്താനാവാത്തതില്‍ പോലീസിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.         കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിനെ കണ്ടെത്താനാവാത്ത സംഭവവുമായാണ് ജയരാജന്‍ ഈ കേസിനെ താരതമ്യം ചെയ്തത്. കക്കാന്‍ പഠിച്ചവന് നില്‍ക്കാനുമറിയാം എന്നായിരുന്നു ജയരാജന്റെ വാക്കുകള്‍.                                            എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതികളെ കണ്ടെത്താന്‍ ബുദ്ധിയും സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പല സര്‍ക്കാറുകള്‍ മാറിവന്നിട്ടും സുകുമാരെക്കുറിപ്പിനെ ഇതുവരെ പിടികൂടാനായിട്ടില്ല. കക്കാന്‍ പഠിച്ചവന് നില്‍ക്കാനുമറിയാം.                                   കമ്യൂണിസ്റ്റുകാര്‍ ആശയപരമായാണ് എതിരാളികളോട് ഏറ്റുമുട്ടാറുള്ളത് എന്നും രാഷ്ട്രീയ എതിരാളികളെ ആക്രമിച്ച് കീഴ്‌പ്പെടുത്തല്‍ പാര്‍ട്ടി ഒരുകാലത്തും ശ്രമിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. ആക്രമണവും ബോംബ് നിര്‍മാണവുമൊന്നും തനിക്ക് അറിയില്ല. അതൊക്കെ കെ സുധാകരനോട് ചോദിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.                                                                         നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശത്തില്‍ പരിശോധന വേണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. വിരമിച്ച പല ഉദ്യോഗസ്ഥരും രാഷ്ട്രീയ താത്പര്യങ്ങള്‍ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ജയരാജന്‍ പറഞ്ഞത്.