Sunday, April 28, 2024
keralaNews

സീതത്തോട്ടില്‍ വിദ്യാര്‍ഥിയെ മലയണ്ണാന്‍ ആക്രമിച്ചു.

സീതത്തോട് വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ മലയണ്ണാന്റെ ആക്രമണത്തില്‍ പരുക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ഥിക്കു പേവിഷ ബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ് ആരംഭിച്ചു. ചിറ്റാര്‍ സ്വദേശിയായ പതിനാലുകാരനെ ഞായറാഴ്ച ഉച്ചയ്ക്കാണ് മലയണ്ണാന്‍ ആക്രമിച്ചത്. ഇന്നലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ആദ്യ കുത്തിവയ്പ് നല്‍കി. ബാക്കിയുള്ള 4 ഡോസുകള്‍ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലഭിക്കും. ജില്ലയില്‍ ആദ്യമായാണ് മലയണ്ണാന്റെ ആക്രമണത്തില്‍ ഒരാള്‍ക്കു പരുക്കേല്‍ക്കുന്നത്.

മുറ്റത്തിനു സമീപമുള്ള വൃക്ഷത്തില്‍നിന്ന് മലയണ്ണാന്‍ ജൂവലിന്റെ ദേഹത്തേക്കു ചാടി വീഴുകയായിരുന്നു. വലതു തോളില്‍ ആഴത്തിലുള്ള മുറിവേറ്റു. മലയണ്ണാന്‍ ദേഹത്ത് വീണതിന്റെ ആഘാതത്തില്‍ നിലത്ത് വീണ ജൂവലിന്റെ കാലിലും ദേഹത്തും പരുക്കേറ്റു. വനത്തിനു സമീപ പ്രദേശങ്ങളില്‍ മലയണ്ണാന്‍ വ്യാപകമാണ്. തേങ്ങയും പഴവര്‍ഗങ്ങളുമാണ് ഇഷ്ട വിഭവം. തേങ്ങ തുരന്ന് തിന്നുന്നതിനാല്‍ പടക്കം പൊട്ടിച്ച് ഇവയെ തുരത്താറുണ്ടെങ്കിലും പിന്നെയും എത്തുകയാണ് പതിവ്.