Friday, May 3, 2024
keralaNewspolitics

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പൊളിറ്റ് ബ്യൂറോയില്‍.

ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പൊളിറ്റ് ബ്യൂറോയില്‍. കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് ഗോവിന്ദനെ തെരഞ്ഞെടുത്തത്. ദില്ലിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ എം.വി.ഗോവിന്ദനെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലേക്ക് നിര്‍ദേശിച്ചു. കേന്ദ്രകമ്മിറ്റി ഈ തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമാണ് എം.വി.ഗോവിന്ദന്‍. സിസിയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ യെച്ചൂരിയാണ് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് എം.വി.ഗോവിന്ദനെ അദ്ദേഹം വേദിയിലേക്ക് ക്ഷണിച്ചു. കോടിയേരിക്ക് പകരക്കാരനായി പിബിയിലേക്ക് എം.വി.ഗോവിന്ദനെ നിയോഗിക്കുമെന്നത് നേരത്തെ തന്നെ ധാരണയായിരുന്നു. സിസി,പിബി യോഗങ്ങള്‍ക്കായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ യെച്ചൂരി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചകളും നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ.ബേബി, എ.വിജയരാഘവന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള നിലവിലെ പിബി അംഗങ്ങള്‍.പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തത്തില്‍ സന്തോഷമുണ്ടെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു. അഭിമാനമുണ്ട്. പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം പ്രവര്‍ത്തനത്തിലൂടെ കാത്തുസൂക്ഷിക്കും. സംസ്ഥാന സെക്രട്ടറി എന്ന നിലയിലും പിബി അംഗമെന്ന നിലയിലും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുപോകാന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.