Monday, May 6, 2024
keralaNews

സാംസ്‌കാരിക രംഗത്തെ ജീര്‍ണ്ണതകള്‍ക്കെതിരെ തപസ്യ പ്രതികരിക്കണം ;ഡോ. പ്രകാശന്‍ പഴമ്പാലക്കോട്

സാംസ്‌കാരിക രംഗത്തെ ജീര്‍ണ്ണതകള്‍ക്കെതിരെ തപസ്യ ശക്തമായി പ്രതികരിക്കണമെന്ന് ഡോ.പ്രകാശന്‍ പഴമ്പാലക്കോട് പറഞ്ഞു. തപസ്യ കലാ സാഹിത്യ വേദി കോട്ടയം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയതയെയും പാരമ്പര്യത്തനിമകളെയും നിന്ദിക്കുകയും എതിരഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്നത് അംഗീകാരത്തിനുള്ള യോഗ്യതയായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭരണചക്രം തിരിക്കുന്നവരുടെ പിന്തുണയും ഇക്കൂട്ടര്‍ക്ക് കേരളത്തില്‍ ലഭിക്കുന്നു. ഇതിന്റെ ഫലം സാംസ്‌കാരിക ജീര്‍ണ്ണതയും അപചയവുമാണ്.ഇതിനെ എതിര്‍ത്തു തോല്പിക്കുവാന്‍ തപസ്യയ്ക്കു കഴിയണം. ഏറ്റവും കൂടുതല്‍ ജില്ലാ കമ്മറ്റികളും യൂണിറ്റു കമ്മറ്റികളും തപസ്യയ്ക്കാണുള്ളത്. മലയാള ഭാഷയുടെ പിതാവിന്റെ പ്രതിമ സ്ഥാപിക്കുവാന്‍ നമുക്ക് അവകാശമുണ്ട്.
രാഷട്രീയ കക്ഷികള്‍ക്ക് ഇതില്‍ താല്പര്യമില്ല.കലാ സാഹിത്യ രംഗത്തുള്ള മറ്റൊരു പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മുന്നോട്ടു വരുവാനും തയ്യാറല്ല. മതത്തിന്റെ പുകമറ സൃഷ്ടിക്കുകയാണ് ഇക്കൂട്ടര്‍.ഭാഷാ പിതാവ് ഒരു മതത്തിന്റെയും വ്യക്താവല്ല. അതു കൊണ്ട് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുവാന്‍ നാം തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ അദ്ധ്യക്ഷനായി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി ജി ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. സംഗീത സംവിധായകനും തപസ്യ മേഖലാ പ്രസിഡന്റുമായ ആലപ്പി രംഗനാഥന്‍ മാസ്റ്ററെ ഡോ.പ്രകാശന്‍ പഴമ്പാലക്കോട് പൊന്നാട അണിയിച്ച് ആദരിച്ചു. ആര്‍ എല്‍ വി കോളേജില്‍ നിന്ന് സംഗീതത്തില്‍ ഒന്നാം റാങ്ക് നേടിയ ലക്ഷ്മി ശര്‍മ്മ കുമാരനല്ലൂര്‍, വയലിനില്‍ രണ്ടാം റാങ്ക് നേടിയ ജയദേവ് വിജയന്‍ കുമ്മനം, ഐ എ ടി എ യില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിയ അലീന സുരേഷ് കുഴിമറ്റം എന്നിവരെ പ്രൊഫ.പി ജി ഹരിദാസ് ഉപഹാരം നല്കി ആദരിച്ചു. ജനറല്‍ സെക്രട്ടറി രാജു ടി പത്മനാഭന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍ട്ടിസ്റ്റ് പി ജി ഗോപാലകൃഷ്ണന്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, ജയദേവ് വി ജി, ബിബി രാജ് നന്ദിനി, പി എന്‍ ബാലകൃഷ്ണന്‍ ,പി കെ ശ്രീധരന്‍, ജയപ്രകാശ് പി കെ ,പൊതിയില്‍ നാരായണ ചാക്യാര്‍, സുരേന്ദ്ര കമ്മത്ത്, ഡോ.രാജേഷ് കടമാന്‍ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.സംസ്ഥാന സെക്രട്ടറി പി ജി ഗോപാലകൃഷ്ണന്‍ പുതിയ ജില്ലാ, താലൂക്ക് ഭാരവാഹികളെ പ്രഖ്യാപിച്ചു.