Friday, April 26, 2024
indiakeralaNews

അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തോക്കുമായി വനമേഖലയില്‍ തിരച്ചില്‍

അരിക്കൊമ്പനെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിടാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആന ആനഗജം ഭാഗത്ത് ഉള്ളതായി സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കു വെടി വക്കാനുള്ള തോക്കുമായി ഈ ഭാഗത്തേക്ക് നീങ്ങി. ദൗത്യ സംഘത്തിന്റെ വാഹനവും ഈ ഭാഗത്തേക്ക് പോയിട്ടുണ്ട്.മേഘമല ഡെപ്യൂട്ടി ഡയറക്ടര്‍, തേനി ഡിഫ്ഒ അടക്കം നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.അരിക്കൊമ്പന്‍ കൂത്തനാച്ചി ക്ഷേത്രത്തിനു സമീപമുണ്ടെന്നാണ് രാവിലെ ലഭിച്ച വിവരം. ചുരുളിക്കും കെ കെ പെട്ടിക്കും ഇടയിലാണ് ഈ സ്ഥലം. ശ്രീവല്ലിപുത്തൂര്‍ മേഘമല കടുവ സങ്കേതത്തിന്റെ ഭാഗമാണ് ഇവിടം. അരിക്കൊമ്പനെ പിടിക്കാന്‍ മുത്തുവെന്ന മറ്റൊരു കുങ്കിയാനയെ കൂടി വനം വകുപ്പ് കൊണ്ടുവരുന്നുണ്ട്. ഈ ആനയെ ഉടന്‍ കമ്പത്ത് എത്തിക്കും. ആനമാല സ്വയംഭൂ എന്ന ഒരു കുങ്കിയാനയെ നേരത്തെ എത്തിച്ചിരുന്നു. കമ്പം ബൈപ്പാസിലൂടെയുള്ള ഗതാഗതം ഇന്നും നിരോധിച്ചിരിക്കുകയാണ്. ബൈപ്പാസിലൂടെ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. ഇന്നലെ ബൈപ്പാസിനടുത്താണ് ആന ഉണ്ടായിരുന്നത്.

അതിനിടെ ആന ഗേറ്റ് തകര്‍ത്ത തോട്ടത്തിനടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. ആന കൃഷിയും മറ്റും നശിപ്പിക്കുന്നുവെന്ന് പറഞ്ഞ് കര്‍ഷകര്‍ ആനയെ ഉടനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. ആളുകള്‍ പിരിഞ്ഞു പോകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടപ്പോഴാണ് തര്‍ക്കം ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മണിക്ക് കമ്പത്തു നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള ചുരുളിപെട്ടിയിലെ കൃഷി ഇടങ്ങളിലൂടെ പോയ സമയത്താണ് അരിക്കൊമ്പന്‍ കൃഷി നശിപ്പിച്ചത്. ഒരു തോട്ടത്തിന്റെ ഗേറ്റ് തകര്‍ത്ത ആന പ്ലാവില്‍ നിന്ന് ചക്ക പറിച്ച് തിന്നു. ഈ സമയത്ത് പട്ടി നിര്‍ത്താതെ കുരച്ചപ്പോള്‍ പുറത്തിറങ്ങിയ കര്‍ഷകരാണ് ആനയെ കണ്ടത്.