Sunday, May 19, 2024
keralaNews

രാജ്യത്ത് ആദ്യമായി കാലിത്തീറ്റയില്‍ മായം കലര്‍ത്തിയാല്‍ രണ്ട് ലക്ഷം പിഴ ഈടാക്കാന്‍ കേരളം.

മായം കലര്‍ത്തിയുള്ള ഭക്ഷ്യവസ്തുക്കള്‍ വ്യാപകമാവുമ്പോള്‍ കന്നുകാലികളുടെ തീറ്റയില്‍ മായം ചേര്‍ക്കുന്നവരെ പൂട്ടാനുള്ള ശക്തമായ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയെന്നോണം പുതിയ നിയമം കൊണ്ടുവരും. കാലിത്തീറ്റയിലും കോഴിത്തീറ്റയിലും മായം കലര്‍ത്തിയതായി തെളിഞ്ഞാല്‍ കുറഞ്ഞത് അമ്ബതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ തുക പിഴയായി ഈടാക്കും, ഇതിനൊപ്പം കാലിത്തീറ്റ വിപണനക്കാരുടെ ലൈസന്‍സും റദ്ദാക്കും. ഓര്‍ഡിനന്‍സിന്റെ കരട് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചു. ദി കേരള ലൈവ് സ്റ്റോക്ക്, പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സ്ചര്‍ റഗുലേഷന്‍ ഓഫ് മാനുഫാക്ചര്‍ ആന്‍ഡ് സെയില്‍ ഓര്‍ഡിനന്‍സ്’ എന്ന പേരിലുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിക്കുന്ന മുറയ്ക്ക് ചട്ടങ്ങള്‍ രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം എന്നിവയുടെ നിര്‍മ്മാണവും വിതരണവും നിയന്ത്രണത്തിലാക്കി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റിന് പുറത്ത് എന്തൊക്കെ വസ്തുക്കളാണ്, എത്ര അളവിലാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളതെന്ന് രേഖപ്പെടുത്തും. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു നിയമം കൊണ്ട് വരുന്നതെന്ന് മന്ത്രി കെ രാജു അഭിപ്രായപ്പെട്ടു.