Saturday, May 4, 2024
keralaNews

സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍.

ആലപ്പുഴ ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25) ആണ് മരിച്ചത്. സഹോദരീ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷിനായി തിരച്ചില്‍ തുടങ്ങിയെന്നു പൊലീസ് അറിയിച്ചു.ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സാണ് അവിവാഹിതയായ ഹരികൃഷ്ണ. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്‌സായ ഹരികൃഷ്ണയുടെ സഹോദരിക്കു വെള്ളിയാഴ്ച രാത്രി ജോലിയുണ്ടായിരുന്നു. കുട്ടികളെ നോക്കാനായി രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നാണു പ്രാഥമിക വിവരം.ഹരികൃഷ്ണയെയും രതീഷിനെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഹരികൃഷ്ണയുടെ വീട്ടുകാര്‍ പൊലീസുമായി ചേര്‍ന്നു നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.